മുസഫര്‍ നഗര്‍ കലാപം: 100 പേര്‍ക്കെതിരായ 38 കേസുകള്‍ കൂടി യോഗി സര്‍ക്കാര്‍ പിന്‍വലിക്കുന്നു
ദിവസങ്ങള്‍ക്കു മുമ്പ് മുസഫര്‍നഗര്‍ കലാപക്കേസില്‍ പ്രതികളായ നിരവധി ബിജെപി നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് യോഗി സര്‍ക്കാരിന്റെ പുതിയ നീക്കം.
ലക്‌നോ: 2013ലെ മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് 100 പേര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത 38 ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ യുപിയിലെ യോഗി സര്‍ക്കാര്‍ തീരുമാനിച്ചു. ദിവസങ്ങള്‍ക്കു മുമ്പ് മുസഫര്‍നഗര്‍ കലാപക്കേസില്‍ പ്രതികളായ നിരവധി ബിജെപി നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് യോഗി സര്‍ക്കാരിന്റെ പുതിയ നീക്കം.
ഇതു സംബന്ധിച്ച് സെഷ്യല്‍ സെക്രട്ടറി ജെ പി സിങും അണ്ടര്‍ സെക്രട്ടറി അരുണ്‍കുമാര്‍ റായിയും തയ്യാറാക്കി മുസഫര്‍ നഗര്‍ ജില്ലാ മജിസ്‌ട്രേറ്റിന് അയച്ച ശുപാര്‍ശക്കത്തിനെ അടിസ്ഥാനമാക്കി ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. കവര്‍ച്ച, സ്‌ഫോടകവസ്തുക്കളുടെ ഉപയോഗം, ആരാധനാലയങ്ങള്‍ ആക്രമിക്കല്‍, മതവികാരം ഇളക്കിവിടല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുള്ള കലാപക്കേസുകളാണ് പിന്‍വലിക്കുന്നത്.
കൂടാതെ, ഫുഗാന, ബൗര്‍കല, ജന്‍സത്ത് ഉള്‍പ്പെടെ 2013ല്‍ ആറു പോലിസ് സ്‌റ്റേഷനുകളില്‍ ഫയല്‍ 119 കലാപക്കേസുള്‍ പിന്‍വലിക്കാനും യോഗി സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ട്.
യുപിയിലെ മന്ത്രിസഭാംഗം സുരേഷ് റാണ, മുന്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാണ്‍, എംപിയായ ഭര്‍തേന്ദു സിങ്, എംഎല്‍എയായ ഉമേഷ് മാലിക്, സാധ്വി പ്രാചി എന്നിവര്‍ക്കെതിരായ കേസുകള്‍ നേരത്തേ പിന്‍വലിച്ചിരുന്നു. കലാപത്തില്‍ 62 പേര്‍ കൊല്ലപ്പെടുകയും 40,000ത്തോളം പേരെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തിരുന്നു.