മുസഫര്‍ നഗര്‍ കലാപം: സഹോദരങ്ങളുടെ കൊലപാതകത്തിലെ മുഖ്യസാക്ഷിയായ യുവാവിനെ വെടിവച്ച് കൊന്നു

സഹോദരങ്ങളുടെ കൊലപാതകക്കേസില്‍ സാക്ഷി മൊഴി നല്‍കാന്‍ അടുത്ത ആഴ്ച കോടതിയില്‍ ഹാജരാവാനിരിക്കെയാണ് അശ്ബാബിനെ കൊലപ്പെടുത്തിയത്.

Update: 2019-03-13 15:03 GMT

ലക്‌നോ: മുസഫര്‍ നഗര്‍ കലാപത്തിനിടെ തന്റെ രണ്ടു സഹോദരങ്ങളുടെ കൊലപാതകക്കേസില്‍ മുഖ്യസാക്ഷിയായ അശ്ബാബ് എന്ന യുവാവിനെ ബൈക്കിലെത്തിയ തോക്കുധാരികള്‍ വെടിവച്ച് കൊന്നു. യുപിയിലെ മുസഫര്‍ നഗര്‍ ഏരിയയിലെ കത്തൗലിയിലാണ് സംഭവം. സഹോദരങ്ങളുടെ കൊലപാതകക്കേസില്‍ സാക്ഷി മൊഴി നല്‍കാന്‍ അടുത്ത ആഴ്ച കോടതിയില്‍ ഹാജരാവാനിരിക്കെയാണ് അശ്ബാബിനെ കൊലപ്പെടുത്തിയത്.

പാല്‍വില്‍പ്പനക്കാരനായ അശ്ബാബ് കടയില്‍ പാല്‍ നല്‍കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സായുധ സംഘം നിര്‍ദാക്ഷിണ്യം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ അഷ്ബാബ് മരിച്ചു.

അശ്ബാബിന്റെ സഹോദരങ്ങളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ക്കെതിരേ വിചാരണ പുരോഗമിക്കുകയാണ്. ഈ മാസം 25നാണ് അടുത്ത വാദംകേള്‍ക്കല്‍ നിശ്ചയിച്ചിരുന്നത്. 2013 സപ്തംബറില്‍ മേഖലയിലുണ്ടായ മുസ്‌ലിം വിരുദ്ധ കലാപത്തിനിടെയാണ് സമീപ ഗ്രാമത്തില്‍വച്ച്് അശ്ബാബിന്റെ സഹോദരങ്ങളായ നവാബും ഷാഹിദും കൊല്ലപ്പെട്ടത്. സംഘര്‍ഷങ്ങളില്‍ 60ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും 40000 മുസ്‌ലിംങ്ങള്‍ തെരുവിലിറക്കപ്പെടുകയും ചെയ്തിരുന്നു.

മുസഫര്‍ നഗര്‍ മജിസ്‌ട്രേറ്റിനു മുമ്പില്‍ മൊഴി നല്‍കുന്നതിന് മുന്നോടിയായി സഹോദരങ്ങളുടെ വധവുമായി ബന്ധപ്പെട്ട പ്രതികളുടെ പേരുവിവരങ്ങള്‍ അശ്ബാബ് സ്ഥിരീകരിച്ചിരുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നാസിര്‍ അലി വ്യക്തമാക്കി. മുഴുവന്‍ പ്രതികളും ഇപ്പോള്‍ ജാമ്യത്തിലാണ്. കേസിലെ മുഖ്യസാക്ഷിയായിരുന്നു അശ്ബാബ്. ഒത്തുതീര്‍പ്പിന് വഴങ്ങാന്‍ അശ്ബാബിനു മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. തങ്ങളുടെ പേര് വെളിപ്പെടുത്തിയാല്‍ വധിക്കുമെന്ന് കഴിഞ്ഞ ദിവസം വീട്ടിലെത്തി പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി അശ്ബാബിന്റെ ഭാര്യ മീന പറഞ്ഞു.

Tags:    

Similar News