രാജ്യത്ത് 2.71 ലക്ഷം പുതിയ കൊവിഡ് കേസുകള്‍; മഹാരാഷ്ട്രയില്‍ മാത്രം 42,462 പ്രതിദിന രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികള്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.71 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗബാധയില്‍ വര്‍ധന രേഖപ്പെടുത്തി. ശനിയാഴ്ചത്തെ റിപോര്‍ട്ടുകള്‍ പ്രകാരം പ്രതിദിന രോഗികള്‍ 2.68 ലക്ഷമായിരുന്നു. അതേസമയം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൊവിഡ് മരണങ്ങളില്‍ ഇന്ന് കുറവുണ്ടായിട്ടുണ്ട്. 314 പേരാണ് പുതുതായി കൊവിഡ് ബാധിച്ച് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായി തീര്‍പ്പുകല്‍പ്പിക്കാത്ത അപ്പീലുകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കേരളത്തിലുണ്ടായ 106 മരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ശനിയാഴ്ച രാജ്യത്തെ കൊവിഡ് മരണം 402 ആയിരുന്നു. മൊത്തം രോഗികളുടെ 4.18 ശതമാനം സജീവമായ കേസുകളാണ്. അതേസമയം, ദേശീയ കൊവിഡ് രോഗമുക്തി നിരക്ക് 94.51 ശതമാനമായി കുറഞ്ഞു. ഇന്ന് രാവിലെ പുതുക്കിയ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനുള്ളില്‍ 1,32,557 കേസുകളുടെ വര്‍ധനവ് സജീവമായ കൊവിഡ് കേസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.66 ശതമാനത്തില്‍നിന്ന് 16.28 ശതമാനമായി കുറഞ്ഞത് ആശ്വാസം നല്‍കുന്നു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 13.69 ശതമാനമാണ്. രാജ്യവ്യാപകമായി വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ രാജ്യത്ത് ആകെ വാക്‌സിനേഷന്‍ 156.76 കോടി കവിഞ്ഞതായി മന്ത്രാലയം അറിയിച്ചു.
കൊവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയില്‍ 42,462 പുതിയ കൊവിഡ് വൈറസ് കേസുകള്‍ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തേക്കാള്‍ 749 കുറവാണ്. 23 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ മൊത്തം കേസുകളുടെ എണ്ണം 71,70,483 ഉം മരണസംഖ്യ 1,41,779 ഉം ആണ്. കൂടാതെ മഹാരാഷ്ട്രയില്‍ 125 പുതിയ ഒമിക്രോണ്‍ കേസുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ ബാധിതര്‍ 1,730 ആയി ഉയര്‍ന്നു.