ഡല്‍ഹിയില്‍ ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍; രാജ്യത്ത് ആകെ വൈറസ് കേസുകള്‍ 33 ആയി

Update: 2021-12-11 05:29 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരാള്‍ക്ക് കൂടി പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം രണ്ടായി. ആകെ രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 33 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. സിംബാബ്‌വെയില്‍നിന്ന് മടങ്ങിയെത്തിയ യാത്രക്കാരനാണ് ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ വകഭേദം ആദ്യമായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലും ഈ യാത്രക്കാരന്‍ സന്ദര്‍ശനം നടത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇന്നലെയാണ് മൂന്ന് വയസ്സുകാരിയടക്കം മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്ക് പുതുതായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.

രോഗബാധ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മാസ്‌കിന്റെ ഉപയോഗത്തില്‍ വീഴ്ച വരുത്തരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ രോഗം ബാധിച്ച മൂന്ന് പേര്‍ മുംബൈയിലാണ്. മൂന്ന് വയസ്സുകാരിയും മുംബൈയിലാണ് ഉള്ളത്. ബാക്കി നാലുകേസുകള്‍ പിംപ്രി ചിഞ്ച് വാഡ് മുനിസിപ്പല്‍ കോര്‍പറേഷനിലുമാണ് റിപോര്‍ട്ട് ചെയ്തതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 17 ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

മുംബൈയിലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവര്‍ ടാന്‍സാനിയ, യുകെ, ദക്ഷിണാഫ്രിക്ക എന്നിവങ്ങളില്‍ നിന്നെത്തിയവരാണ്. ഇതിലൊരാള്‍ ധാരാവി ചേരിയിലാണ് താമസിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയാണിത്. ടാന്‍സാനിയയില്‍നിന്നെത്തിയ 48 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ ഏഴുപേരില്‍ നാല് രോഗികള്‍ പൂര്‍ണമായും വാക്‌സിനെടുത്തവരും ഒരു രോഗി ഒരു ഡോസ് വാക്‌സിന്‍ എടുത്തവരുമാണ്. ഇവരില്‍ നാല് പേര്‍ക്ക് രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. മറ്റ് മൂന്നുപേര്‍ക്ക് നേരിയ രോഗലക്ഷണങ്ങളുണ്ടായതായും അധികൃതര്‍ അറിയിച്ചു.

മഹാരാഷ്ട്രയില്‍ 17 കേസുകളും രാജസ്ഥാനില്‍ ഒമ്പത് കേസുകളും ഗുജറാത്ത്, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍ യഥാക്രമം മൂന്ന്, രണ്ട്, രണ്ട് കേസുകളുമാണ് രാജ്യത്ത് ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ആകെ കൊവിഡ് വകഭേദങ്ങളില്‍ 0.04 ശതമാനം മാത്രമാണ് ഇതെന്ന് ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. ഒരു ഒമിക്രോണ്‍ രോഗി വിദേശിയായിരുന്നു, അദ്ദേഹം രാജ്യം വിട്ടു. ഡിസംബര്‍ 1നു ശേഷം രാജ്യത്ത് അന്താരാഷ്ട്ര യാത്രികരില്‍ 93 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 83 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്നുള്ളവരാണ്. 13 പേര്‍ മറ്റ് രാജ്യങ്ങളില്‍നിന്നുള്ളവരാണ്. ലോകത്ത് ഇതുവരെ 59 രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Tags:    

Similar News