കാര്‍ സ്‌കൂട്ടറിലിടിച്ചത് ചോദ്യം ചെയ്ത സിഖ് യുവാവിന് മര്‍ദ്ദനം, തലപ്പാവ് അഴിഞ്ഞുവീണു; മൂന്നുപേര്‍ക്കെതിരേ മതവികാരം വ്രണപ്പെടുത്തിയതിന് കേസ്
ന്യൂഡല്‍ഹി: കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സിഖ് യുവാവിന് മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനം. ഡല്‍ഹി സാകേത് മെട്രോ സ്റ്റേഷന്റെ സിഗ്നല്‍ ലൈറ്റിന് സമീപമായിരുന്നു സംഭവം. വസന്ത് കുഞ്ചില്‍ നിന്ന് സാകേതിലേക്ക് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന നരേന്ദ്രസിങ്ങി (33) നാണ് മര്‍ദ്ദനമേറ്റത്. അതിനിടെ, നരേന്ദ്രസിങ്ങിന്റെ തലപ്പാവ് അഴിഞ്ഞ് നിലത്ത് വീഴുകയും ചെയ്തു. ഇതെത്തുടര്‍ന്ന് നരേന്ദ്രസിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മതവികാരം വ്രണപ്പെടുത്തിയതിന് ഒരു സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ ഡല്‍ഹി പോലിസ് കേസെടുത്തു.
അപകടമുണ്ടാക്കയ കാര്‍ ഡ്രൈവറായ ശോഭിത് സെജ്‌വാളി (24) നെ പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇയാളുടെ സഹോദരിക്കും സുഹൃത്തിനും വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പോലിസ് അറിയിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് 3.15 ഓടെ തെക്കന്‍ ഡല്‍ഹിയിലെ സാകേത് മെട്രോ സ്‌റ്റേഷന് സമീപമായിരുന്നു സംഭവം. ട്രാഫിക് സിഗ്നല്‍ കാത്തുനില്‍ക്കുകയായിരുന്നു സ്‌കൂട്ടര്‍ യാത്രികനായ നരേന്ദ്രസിങ്. ഈ സമയംസ്ത്രീയുള്‍പ്പെടുന്ന മൂവര്‍സംഘം സഞ്ചരിച്ച കാര്‍ നരേന്ദ്രസിങ്ങിന്റെ സ്‌കൂട്ടറില്‍ ഇടിച്ചു. ഇത് ചോദ്യംചെയ്ത നരേന്ദ്രസിങ്ങുമായി മൂവരും രൂക്ഷമായ വാക്കുതര്‍ക്കമായി.
ഒടുവില്‍ കൈയാങ്കളിയിലുമെത്തി. മൂവരും ചേര്‍ന്ന് നരേന്ദ്രസിങ്ങിനെ മര്‍ദ്ദിക്കുകയായിരുന്നു. അപ്പോഴാണ് നരേന്ദ്രസിങ്ങിന്റെ തലപ്പാവ് അഴിഞ്ഞ് നിലത്തുവീണത്. ഇതോടെ കാര്‍ ഉപേക്ഷിച്ച് മൂവരും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സിങ് പോലിസിനെ വിവരമറിയിച്ചു. പോലിസാണ് സിങ്ങിനെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈദ്യപരിശോധന നടത്തി ഇയാളുടെ മൊഴിയും രേഖപ്പെടുത്തി.
പരാതിയുടെ അടിസ്ഥാനത്തില്‍ അശ്രദ്ധമായി വാഹനമോടിക്കുക, മുറിവേല്‍പ്പിക്കുക, സംയമനം പാലിക്കാതിരിക്കുക, മതവികാരം വ്രണപ്പെടുത്തുക എന്നിങ്ങനെ ഇന്ത്യന്‍ ശിക്ഷാനിയമം 279, 323, 341, 295, 34 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി ഡിസിപി (സൗത്ത്) ബെനിറ്റ മേരി ജെയ്ക്കര്‍ പറഞ്ഞു. കാറിന്റെ ഉടമയായ സെജ്‌വാള്‍ ലാഡോ സരായിലാണ് താമസിക്കുന്നതെന്ന് പോലിസ് പറഞ്ഞു. സിങ് കുടുംബത്തോടൊപ്പം ഖാന്‍പൂര്‍ ഏരിയയിലാണ് താമസിക്കുന്നത്. വസന്ത് കുഞ്ചിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ഇദ്ദേഹം ജോലിചെയ്യുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.