യുപിയില്‍ ട്രക്ക് മറിഞ്ഞ് മൂന്ന് കുടിയേറ്റ സ്ത്രീ തൊഴിലാളികള്‍ മരിച്ചു

Update: 2020-05-19 03:06 GMT

മഹോബ(ഉത്തര്‍പ്രദേശ്): കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്കു പോവുന്നതിനിടെ അപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഉത്തര്‍പ്രദേശിലെ ഝാന്‍സി-മിര്‍സാപൂര്‍ ദേശീയപാതയില്‍ ഇന്നലെ രാത്രി ടയര്‍ പൊട്ടിത്തെറിച്ച് ട്രക്ക് മറിഞ്ഞ് മൂന്ന് കുടിയേറ്റ സ്ത്രീ തൊഴിലാളികള്‍ മരിക്കുകയും 12ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ യുപിയിലെ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ 17 പേരടങ്ങുന്ന സംഘം ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ടതായിരുന്നു. നടന്നുപോവുകയായിരുന്ന ഇവര്‍ ട്രക്ക് ഡ്രൈവറുമായി സംസാരിച്ചാണ് വാഹനത്തില്‍ യാത്ര പുറപ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുപേരുടെ നില ഗുരുതരമാണ്. 17ഓളം പേര്‍ വാഹനത്തിലുണ്ടായിരുന്നു.

    മുന്നൊരുക്കമില്ലാതെയും അപ്രതീക്ഷിതമായും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു കാരണം കുടുങ്ങിപ്പോയ തൊഴിലാളികള്‍ അപകടത്തില്‍ മരിക്കുന്നതിന്റെ ഏറ്റവും പുതിയ സംഭവമാണിത്. കഴിഞ്ഞ 10 ദിവസങ്ങളിലായി 50ഓളം കുടിയേറ്റ തൊഴിലാളികളാണ് വീടുകളിലേക്ക് മടങ്ങുന്നതിനിടെ മരണപ്പെട്ടത്. തലസ്ഥാനമായ ലക്‌നോവില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള ഔര്യ ജില്ലയില്‍ ശനിയാഴ്ചയുണ്ടായ അപകടത്തില്‍ 26 തൊഴിലാളികള്‍ മരിക്കുകയും 30ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. കുടിയേറ്റ തൊഴിലാളികളെയും കുടുംബങ്ങളെയും കാല്‍നടയായോ സൈക്കിളിലോ ട്രക്കുകളിലോ പോവുന്നത് തടയണമെന്നും അവര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ക്രമീകരിക്കണമെന്നും യാത്രയ്ക്ക് ബസുകള്‍ നല്‍കണമെന്നും മുഖ്യമന്ത്രി ജില്ലാ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരുന്നു. പിറ്റേന്ന് രാവിലെ നൂറുകണക്കിന് കുടിയേറ്റക്കാരെ യുപിയിലെ അതിര്‍ത്തി ജില്ലകളില്‍ തടഞ്ഞതിനെ തുടര്‍ന്ന് പോലിസുമായി പ്രതിഷേധത്തിനിടയാക്കിയിരുന്നു. രാജ്യവ്യാപകമായി സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ സ്വന്തം വീടുകളില്‍ നിന്ന് കാല്‍നടയായി നൂറുകണക്കിന് കിലോമീറ്റര്‍ സഞ്ചരിച്ച് നാട്ടിലേക്കു പോവുന്നതിനിടെ നിരവധി പേരാണ് മരണപ്പെടുന്നത്.




Tags:    

Similar News