ഹിമാചലില്‍ നിയന്ത്രണം വിട്ട ആപ്പിള്‍ ട്രക്ക് കാറിന് മുകളിലേക്ക് മറിഞ്ഞു; മൂന്നുപേര്‍ മരിച്ചു

Update: 2022-10-01 08:16 GMT

ഷിംല: ഹിമാചല്‍ പ്രദേശില്‍ ആപ്പിള്‍ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ട്രക്ക് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഷിംലയിലെ ഛരാബ്ര മേഖലയില്‍ ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് എതിര്‍ദിശയില്‍ നിന്നെത്തിയ കാറിന് മുകളിലേക്ക് പതിച്ചാണ് കാര്‍ യാത്രക്കാര്‍ മരിച്ചത്. ഷിംല ജില്ലയിലെ ചോപ്പാല്‍ സബ് ഡിവിഷനിലെ തിക്രി പ്രദേശത്തെ താമസക്കാരായ സൂറത്ത് സിങ് (45), പ്രതാപ് സിങ് (71), കൃപാ റാം (63) എന്നിവരാണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു.

രാവിലെ ആറരയോടെയാണ് അപകടമുണ്ടായതെന്ന് പോലിസ് പറഞ്ഞു. ആപ്പിള്‍ നിറച്ച ട്രക്ക് ഷിംലയിലെ റൂറല്‍ ഏരിയയില്‍ നിന്ന് ഛണ്ഡിഗഢിലേക്ക് പോവുകയായിരുന്നു. ഛരാബ്രയിലെ ഹസ്സന്‍ വാലിക്ക് സമീപം ഡ്രൈവര്‍ക്ക് ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ട്രക്കിന്റെ അടിയില്‍പ്പെട്ട കാര്‍ നിശേഷം തകര്‍ന്നു.

പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അശ്രദ്ധമായി വാഹനമോടിച്ചതിന് ഇയാള്‍ക്കെതിരേ കേസെടുത്തതായും പോലിസ് അറിയിച്ചു. ലോക്കല്‍ പോലിസ് സംഘം മൃതദേഹങ്ങള്‍ കാറില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേര്‍ മരിക്കാനിടയായ വാഹനാപകടത്തില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂര്‍ അനുശോചനം രേഖപ്പെടുത്തി.

Tags:    

Similar News