ബ്രസീലില്‍ കലാപം; പ്രസിഡന്റിന്റെ കൊട്ടാരവും പാര്‍ലമെന്റും സുപ്രിംകോടതിയും പ്രതിഷേധക്കാര്‍ ആക്രമിച്ചു (വീഡിയോ)

Update: 2023-01-09 03:04 GMT

ബ്രസീലിയ: ബ്രസീലില്‍ ക്യാപിറ്റോള്‍ മോഡല്‍ കലാപം അഴിച്ചുവിട്ട് മുന്‍ പ്രസിഡന്റ് ജയര്‍ ബോള്‍സനാരോയുടെ അനുയായികള്‍. പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയുടെ കൊട്ടാരവും പാര്‍ലമെന്റും സുപ്രിംകോടതിയും ആക്രമിച്ചു. തീവ്ര വലതുപക്ഷക്കാരനായ മുന്‍ പ്രസിഡന്റിന്റെ ആയിരക്കണക്കിന് വരുന്ന അനുയായികളാണ് അക്രമവുമായി തെരുവിലിറങ്ങിയത്. മൂവായിരത്തോളം തീവ്രവലതുപക്ഷക്കാരാണ് ആക്രമണം നടത്തിയതെന്ന് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ പറഞ്ഞു.


 പോലിസ് ബാരിക്കേഡുകള്‍ ഭേദിച്ച് കോണ്‍ഗ്രസിലേക്കും പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കും സുപ്രിംകോടതിയിലേക്കും പാര്‍ലമെന്റിലേക്കും അനുയായികള്‍ ഇരച്ചുകയറുകയായിരുന്നു. അക്രമികളെ നേരിടാന്‍ സൈന്യമിറങ്ങിയതോടെ, തെരുവുകള്‍ സംഘര്‍ഷഭരിതമായി. ബ്രസീലിയന്‍ പതാകയുമേന്തിയാണ് തീവ്ര വലതുപക്ഷ അനുയായികള്‍ തലസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടത്. ചിലര്‍ സെനറ്റ് ചേംബറില്‍ കടന്നു. മറ്റു ചിലര്‍ പ്രസിഡന്റ് കൊട്ടാരത്തിലേക്കും കടന്നു. സുപ്രീംകോടതി ഉള്‍പ്പെടെ സര്‍ക്കാര്‍ കെട്ടിടങ്ങളും അക്രമികള്‍ കൈയടക്കി. പിന്നാലെ സൈന്യം രംഗത്തെത്തി.

മൂന്ന് മണിക്കൂറിനൊടുവില്‍ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കൈയേറ്റമുണ്ടായതായാണ് റിപോര്‍ട്ടുകള്‍. രണ്ട് വര്‍ഷം മുമ്പ് യുഎസ് കാപിറ്റോളില്‍ നടന്ന അക്രമത്തിന് സമാനമാണ് ബ്രസീലിലെ കലാപം. അന്ന് തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാതിരുന്ന മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുയായികളാണ് യുഎസ് ഭരണസിരാകേന്ദ്രത്തില്‍ അക്രമം അഴിച്ചുവിട്ടത്. സംഭവസ്ഥലം പ്രസിഡന്റ് സില്‍വ സന്ദര്‍ശിച്ചു.



  ജനാധിപത്യത്തിനു നേരെയുള്ള ഫാഷിസ്റ്റ് ആക്രമണമാണ് രാജ്യത്ത് നടക്കുന്നതെന്ന് പ്രസിഡന്റ് ലുല ഡ സില്‍വ പ്രതികരിച്ചു. അക്രമികള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഇവിടങ്ങളില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യം നേരിടാന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ബ്രസീലില്‍ ലുലു ഡിസില്‍വ അധികാരത്തിലേറി എട്ട് ദിവസത്തിനുശേഷമാണ് അട്ടിമറി നീക്കം. തിരഞ്ഞെടുപ്പിന് പിന്നാലെ രാജ്യം വിട്ട ബോള്‍സനാരോ നിലവില്‍ അമേരിക്കയിലുള്ളതായാണ് വിവരം.

ബ്രസില്‍ ദേശീയപതാകയിലെ മഞ്ഞയും പച്ചയും നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തിയ ബോള്‍സനാരോ അനുകൂലികളാണ് തലസ്ഥാനമായ ബ്രസീലിയയിലും രാജ്യത്തെ പ്രധാന നഗരമായ സാവോപോളയിലും അടക്കം സംഘടിച്ചെത്തി പ്രതിഷേധിക്കുന്നത്. ബ്രസീലിലെ തെക്ക് കിഴക്കന്‍ നഗരമായ അരരാക്വറയില്‍ കടുത്ത വെള്ളപ്പൊക്കമുണ്ടായ പ്രദേശം സന്ദര്‍ശിക്കാനെത്തിയ ലുല ഡിസില്‍വ കലാപം അടിച്ചൊതുക്കാന്‍ സുരക്ഷാസേനകള്‍ക്ക് അധികാരം നല്‍കാനുള്ള ഉത്തരവില്‍ ഒപ്പുവച്ചതായാണ് വിവരം.

Tags:    

Similar News