ഹോങ്കോങ്: കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്കു കൈമാറാനുള്ള ബില്ലിനെതിരേ പ്രക്ഷോഭം ശക്തമായ ഹോങ്കോങില്‍ പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് ആക്രമിച്ചു. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ കെട്ടിടത്തില്‍ കയറിയ പ്രതിഷേധക്കാര്‍ കവാടവും ചേംബറും തകര്‍ക്കുകയും ചുവരില്‍ സ്‌പ്രേ പെയിന്റ് കൊണ്ട് മുദ്രാവാക്യങ്ങളെഴുതുകയും സ്പീക്കറുടെ പോഡിയത്തിന് മുകളില്‍ ബ്രിട്ടന്റെ കൊടി നാട്ടുകയും ചെയ്തു. പാര്‍ലമെന്റിനുള്ളിലെ ഭരണാധികാരികളുടെ ചിത്രങ്ങള്‍ കീറിക്കളഞ്ഞു. സമാധാനപരമായ പ്രക്ഷോഭങ്ങളെ അധികാരികള്‍ അവഗണിക്കുകയാണെന്നും അതിനാലാണ് പാര്‍ലിമെന്റിലേക്കെത്തിയതെന്നും പ്രശ്‌നം പരിഹരിക്കുന്നതു വരെ കെട്ടിടത്തിനുള്ളില്‍ തുടരുമെന്നും പ്രക്ഷോഭകാരികള്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ക്ക് പുറത്തുള്ളവര്‍ മരുന്നും ഭക്ഷണവും വെള്ളവുമെല്ലാം എത്തിച്ചുനല്‍കുന്നുണ്ട്. നേരത്തേ, ബ്രിട്ടന്റെ കോളനിയായിരുന്ന ഹോങ്കോങ് ചൈനയ്ക്ക് കൈമാറിയതിന്റെ 22ാം വാര്‍ഷികത്തിലാണ് പ്രക്ഷോഭം തുടങ്ങിയത്. വിവാദ ബില്‍ പൂര്‍ണമായും റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. വിദ്യാര്‍ഥികളും യുവാക്കളും തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുന്നതു കാരണം ഹോങ്കോങില്‍ ആഴ്ചകളായി ക്രമസമാധാനം തകര്‍ന്നുകിടക്കുകയാണ്.