ബ്രക്‌സിറ്റ് വിഷയത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് തെരേസ മേ

നിലവിലെ തീരുമാനമനുസരിച്ച് ഈമാസം 12ന് ബ്രക്‌സിറ്റ് കരാര്‍ നടപ്പാക്കാനിരിക്കെയാണ് തെരേസാ മേയുടെ നീക്കം.

Update: 2019-04-03 06:27 GMT

ലണ്ടന്‍: ബ്രക്‌സിറ്റ് വിഷയത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. നിലവിലെ തീരുമാനമനുസരിച്ച് ഈമാസം 12ന് ബ്രക്‌സിറ്റ് കരാര്‍ നടപ്പാക്കാനിരിക്കെയാണ് തെരേസാ മേയുടെ നീക്കം. ബ്രക്‌സിറ്റ് കരാറിന്റെ സമയം നീട്ടിനല്‍കണമെന്ന ആവശ്യവും അവര്‍ മുന്നോട്ടുവച്ചു. ഏഴുമണിക്കൂര്‍ നീണ്ട കാബിനറ്റ് ചര്‍ച്ചയ്ക്കുശേഷമാണ് യൂറോപ്യന്‍ യൂനിയനോട് വീണ്ടും സാവകാശം ആവശ്യപ്പെടുമെന്ന് തെരേസ മേ അറിയിച്ചത്.

പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിനോട് യൂറോപ്യന്‍ യൂനിയനുമായുള്ള രാജ്യത്തിന്റെ ഭാവിബന്ധത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ ആഗ്രഹിക്കുന്നതായും തെരേസ മേ പറഞ്ഞു. കഴിഞ്ഞ രണ്ടുതവണയും തെരേസ മേ അവതരിപ്പിച്ച ബ്രക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് തേരേസ മേ അനുനയശ്രമവുമായി രംഗത്തെത്തിയിരിക്കുന്നത്. സംവാദവും വോട്ടെടുപ്പും പാര്‍ലമെന്റില്‍ തുടരെ പരാജയപ്പെടുന്നതിനാലാണ് തെരേസാ മേയുടെ പുതിയ നീക്കം.











Tags:    

Similar News