'എന്റെ പെങ്ങളെ ആരെങ്കിലും തൊട്ടാല്‍ ഞാന്‍ തിരിച്ചടിക്കും'; ദലിതരോട് രാഹുല്‍ ഗാന്ധി
അംബേദ്കറും മഹാത്മാഗാന്ധിയും കാണിച്ചുതന്ന പാതയിലൂടെ സഞ്ചരിച്ച് അവകാശങ്ങള്‍ക്കായി പോരാടണമെന്ന് രാഹുല്‍ ഗാന്ധി ദലിതരോട് ആഹ്വാനം ചെയ്തു.
ന്യൂഡൽഹി: ദലിതര്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെടുന്നതില്‍ രോഷം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗോവധം ആരോപിച്ച് ദലിത് യുവാക്കളെ പൊതുമധ്യത്തില്‍ പട്ടിയെ തല്ലുന്നത് പോലെയാണ് തല്ലിയത്. എന്നാല്‍ ഇതുപോലൊരു അവസ്ഥ തന്റെ പെങ്ങള്‍ക്കുണ്ടായാല്‍ അതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുകയല്ല. മറിച്ച് അയാളെ കണ്ടെത്തി തിരിച്ചടിക്കുകയാണ് ചെയ്യുകയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജവഹര്‍ ഭവനില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ രാജു എഡിറ്റ് ചെയ്ത 'ദലിത് ട്രൂത്ത്' എന്ന ഉപന്യാസ സമാഹാരം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016ല്‍ ഗുജറാത്തിലെ ഉനയില്‍ നടന്ന ആള്‍ക്കൂട്ടമര്‍ദ്ദന സംഭവത്തെ ഓര്‍മ്മിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. നിങ്ങളെ മര്‍ദ്ദിക്കുന്നവരെ നിങ്ങള്‍ക്ക് അറിയാം. അവരുടെ വീട്ടില്‍ പോയി നിങ്ങള്‍ തിരിച്ചടിക്കണം. ഉന സംഭവത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ദലിതരോട് ഇതാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഉനയിലെ സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്.
അംബേദ്കറും മഹാത്മാഗാന്ധിയും കാണിച്ചുതന്ന പാതയിലൂടെ സഞ്ചരിച്ച് അവകാശങ്ങള്‍ക്കായി പോരാടണമെന്ന് രാഹുല്‍ ഗാന്ധി ദലിതരോട് ആഹ്വാനം ചെയ്തു.
അതേസമയം മായാവതിയ്‌ക്കെതിരെയും അദ്ദേഹം തുറന്നടിച്ചു. ഉത്തര്‍ പ്രദേശില്‍ സഖ്യമുണ്ടാക്കാനും, മുഖ്യമന്ത്രി പദം നല്‍കാമെന്ന് പറഞ്ഞും സന്ദേശമയച്ചു. എന്നാല്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഭയന്ന് അവര്‍ മിണ്ടിയില്ല. ഉത്തര്‍പ്രദേശിലെ ദളിത് ശബ്ദം ഉയര്‍ത്തിക്കാട്ടുന്നതില്‍ തനിക്ക് കാന്‍ഷിറാമിനോട് ബഹുമാനമുണ്ട്.
കോണ്‍ഗ്രസിന് അത് തിരിച്ചടിയായിരുന്നു. എന്നാല്‍ ദലിത് ശബ്ദം ഉയര്‍ത്താന്‍ പേരാടില്ലെന്നാണ് മായാവതി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. സിബിഐ, ഇഡി, പെഗാസസ് എന്നീ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.