ഭര്‍ത്താവിന്റെ മുന്നിലിട്ട് പീഡിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ചു; പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി
19കാരിയായ ദലിത് യുവതിയെ ഭര്‍ത്താവിന്റെ മുന്നിലിട്ട് കൂട്ടബലാല്‍സംഗം ചെയ്ത് വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിലാണ് കോടതി വിധി. ചോട്ടി ലാല്‍, ഹന്‍സ്‌രാജ് ഗുര്‍ജാര്‍, അശോക് കുമാര്‍ ഗുര്‍ജാര്‍, ഇന്ദ്രജ് സിങ് ഗുര്‍ജാര്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
ജയ്പൂര്‍: കഴിഞ്ഞ വര്‍ഷം രാജസ്ഥാനിലെ അല്‍വാറില്‍ ദലിത് യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ നാലു പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ച് വിചാരണക്കോടതി. സംഭവം ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച അഞ്ചാം പ്രതിയെ കോടതി അഞ്ചു വര്‍ഷം തടവിനും ശിക്ഷിച്ചു.
19കാരിയായ ദലിത് യുവതിയെ ഭര്‍ത്താവിന്റെ മുന്നിലിട്ട് കൂട്ടബലാല്‍സംഗം ചെയ്ത് വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിലാണ് കോടതി വിധി. ചോട്ടി ലാല്‍, ഹന്‍സ്‌രാജ് ഗുര്‍ജാര്‍, അശോക് കുമാര്‍ ഗുര്‍ജാര്‍, ഇന്ദ്രജ് സിങ് ഗുര്‍ജാര്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
പോലിസ് നടപടി വൈകിയ പശ്ചാത്തലത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ദേശീയതലത്തില്‍ സംഭവം വിവാദമായത്. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ പോലിസ് കേസെടുക്കുകയും നടപടികള്‍ വേഗത്തിലാക്കുകയും ചെയ്തു.
രാജസ്ഥാനിലെ അല്‍വാറില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26നാണ് സംഭവം. ഭര്‍ത്താവിന്റെ കണ്‍മുന്നിലിട്ടായിരുന്നു കൂട്ടബലാല്‍സംഗം.ഭര്‍ത്താവിനെ അക്രമികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ പ്രതികളിലൊരാള്‍ പകര്‍ത്തി പ്രചരിപ്പിച്ചു. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെയാണ് പോലിസ് ഇടപെടല്‍ വേഗത്തിലാക്കിയത്. പട്ടിക ജാതിക്കാര്‍ക്കെതിരായ അക്രമം തടയല്‍ നിയമം പ്രകാരമാണ് കേസെടുത്തത്. പ്രത്യേക കോടതിയിലായിരുന്നു വിചാരണ. പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ നടക്കുകയാണ്.
ആറു പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്.അഞ്ച് പേര്‍ പീഡിപ്പിച്ചു. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്ത വ്യക്തിയാണ്.വീഡിയോ എടുത്തയാള്‍ യുവതിയെ ആക്രമിച്ചില്ല. പണം തന്നില്ലെങ്കില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. 10,000 രൂപയാണ് ആവശ്യപ്പെട്ടത്.
കലാപം, നിയമവിരുദ്ധമായി ഒത്തുചേരല്‍, മനപ്പൂര്‍വം ആക്രമിക്കല്‍, സ്വത്ത് അപഹരിക്കല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം, തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിക്കല്‍, കൂട്ടബലാല്‍സംഗം, കവര്‍ച്ച തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്.
കൂടാതെ പട്ടിക ജാതിവര്‍ഗ നിയമത്തിലെയും ഐടി നിയമത്തിലേയും വകുപ്പുകള്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു. കേസ് അന്വേഷണത്തില്‍ അലംഭാവം കാണിച്ചതിന് എസ്പി രാജീവ് പച്ചാറിനെയും തനഗാസി പോലിസ് ഓഫീസര്‍ സര്‍ദാര്‍ സിങിനെയും സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിരുന്നു.