ഇന്ത്യാ-ചൈനാ സംഘര്‍ഷം : നാലു സൈനികരുടെ നില ഗുരുതരം; അതിര്‍ത്തിയില്‍ അതീവ ജാഗ്രത
തിങ്കളാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലില്‍ കൂടുതല്‍ സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അതിനിടെ വെടിവെയ്പ് ഉണ്ടായിട്ടില്ലെന്ന് സേനാവൃത്തങ്ങള്‍ ആവര്‍ത്തിച്ചു.
ന്യൂഡല്‍ഹി: ചൈനിസ് സൈന്യവുമായി തിങ്കളാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ നാല് ഇന്ത്യന്‍ സൈനികരുടെ നില ഗുരുതരമെന്നു റിപ്പോര്‍ട്ട്. 20 സൈനികര്‍ ഏറ്റുമുട്ടലില്‍ മരിച്ചതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിരുന്നു. ചൈനീസ് പക്ഷത്തുനിന്ന് നിരവധി സൈനികര്‍ മരിച്ചതായും റിപോര്‍ട്ടുകളുണ്ട്.
തിങ്കളാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലില്‍ കൂടുതല്‍ സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അതിനിടെ വെടിവെയ്പ് ഉണ്ടായിട്ടില്ലെന്ന് സേനാവൃത്തങ്ങള്‍ ആവര്‍ത്തിച്ചു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജാഗ്രത തുടരുകയാണ്. ചൈനീസ് അതിര്‍ത്തിയിലെ തര്‍ക്കം പരിഹരിക്കാനുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ഇന്ന് നടന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും മുതിര്‍ന്ന മന്ത്രിമാരുമായി സ്ഥിതി വിലയിരുത്തും. സംഘര്‍ഷം നടന്ന ഗാല്‍വന്‍ താഴ്വരയില്‍ നിന്ന് ഇരു സൈന്യവും പിന്‍മാറിയതായി ഇന്നലെ കരസേന വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 20 ഇന്ത്യന്‍ സൈനികരാണ് അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ മരിച്ചത്. ചൈനീസ് ഭാഗത്ത് 43 ഓളം പേര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തുവെന്ന വിവരവും പുറത്ത് വന്നിരുന്നു. നിയന്ത്രണരേഖയിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും ചൈനയും സംയമനം പാലിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറഷ് ആവശ്യപ്പെട്ടിരുന്നു. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സമാധാനപരമായി പ്രശ്‌നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്കയും ആവശ്യപ്പെട്ടിട്ടുണ്ട്.