കുവൈത്തില്‍ പിസിആര്‍ പരിശോധനക്ക് 40 ദിനാര്‍; സ്വകാര്യ ലാബിന് അംഗീകാരം
പരിശോധന നടത്തുന്നതിനായി സ്വകാര്യ ലാബറട്ടറി കേന്ദ്രത്തിനു അനുമതി നല്‍കിയതായി ആരോഗ്യമന്ത്രാലയം സേവനവിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. ഫാത്തിമ അല്‍ നജ്ജാര്‍ വ്യക്തമാക്കി.
കുവൈത്ത്: കുവൈത്തില്‍ നിന്നു പുറത്തേക്കുള്ള യാത്രക്കാര്‍ക്ക് യാത്രക്ക് മുമ്പായി നടത്തേണ്ടുന്ന പിസിആര്‍ പരിശോധനക്ക് 40 ദിനാര്‍ ആയി നിരക്ക് നിശ്ചയിച്ചു. തീരുമാനത്തിന് ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. ഓഗസ്ത് 1 മുതല്‍ കുവൈത്തില്‍ നിന്നും വാണിജ്യ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
പരിശോധന നടത്തുന്നതിനായി സ്വകാര്യ ലാബറട്ടറി കേന്ദ്രത്തിനു അനുമതി നല്‍കിയതായി ആരോഗ്യമന്ത്രാലയം സേവനവിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. ഫാത്തിമ അല്‍ നജ്ജാര്‍ വ്യക്തമാക്കി. നിലവില്‍ വിവിധ സ്വകാര്യ ലാബറട്ടറികളില്‍ നിന്നു പരിശോധനക്കുള്ള അംഗീകാരത്തിനായി മന്ത്രാലയത്തിന് നിരവധി അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതില്‍ നിന്നും വിശ്വസനീയമായ രീതിയില്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ കാര്യക്ഷമത തെളിയിച്ച ഒരു സ്ഥാപനത്തിനാണ് ആദ്യ ഘട്ടത്തില്‍ അംഗീകാരം നല്‍കിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഈ രംഗത്തെ അനുഭവജ്ഞാനം , ലബോറട്ടറിയിലെ തൊഴിലാളികളുടെ എണ്ണം, അവയുടെ സാങ്കേതിക മികവ് , ഉപകരണങ്ങളുടെ ലഭ്യത, പരിശോധന, ഫലം പുറപ്പെടുവിക്കലിനുള്ള കൃത്യത മുതലായ നിരവധി ഘടകങ്ങള്‍ മാനദണ്ഠമാക്കിയാണ് അംഗീകാരം നല്‍കിയത് എന്നും അവര്‍ പറഞ്ഞു.
അടുത്ത ഘട്ടത്തില്‍ യോഗ്യരായ മറ്റു സ്ഥാപനങ്ങള്‍ക്കും അംഗീകാരം നല്‍കും. മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുന്ന സ്ഥാപനങ്ങള്‍ വഴി നടത്തുന്ന പിസിആര്‍ പരിശോധന വിമാന താവളത്തില്‍ സ്വീകരിക്കുമെന്നും ഫാത്തിമ നജ്ജാര്‍ വ്യക്തമാക്കി. മന്ത്രാലായത്തിന്റെ അംഗീകരം ലഭിച്ച ലാബറട്ടറികളെ ആരോഗ്യ മന്ത്രാലയത്തിന്റെ കംപ്യൂട്ടര്‍ ശൃംഖക വഴി ബന്ധിപ്പിക്കുന്നതാണു. ഇതിനു പുറമേ അംഗീകാരം ലഭിച്ച ക്ലിനിക്കുകള്‍ വഴി പരിശോധന നടത്തുന്നതിനു സ്വകാര്യ ക്ലിനിക്കുകള്‍ക്ക് സാമ്പിളുകള്‍ സ്വീകരിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
രാജ്യത്ത് ഓഗസ്ത് 1 മുതല്‍ വാണിജ്യ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാനിരിക്കുകയാണ്. പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ യാത്രക്ക് മുമ്പേ നിര്‍ബന്ധമായും പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് കുവൈത്ത് വ്യോമയാന അധികൃതര്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്.