മഹ്‌സ അമിനിയുടെ മരണം: ഇറാനില്‍ പ്രതിഷേധം കത്തുന്നു; 41 മരണം, 700 പേര്‍ അറസ്റ്റില്‍

Update: 2022-09-25 01:47 GMT

തെഹ്‌റാന്‍: ഇറാനില്‍ മതകാര്യ പോലിസിന്റെ കസ്റ്റഡിയിലിരിക്കെ കുര്‍ദ് യുവതി മഹ്‌സ അമിനി (22) മരണപ്പെട്ടതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം തുടരുന്നു. ഖബറടക്കത്തിന് പിന്നാലെ ഇറാന്‍ പട്ടണങ്ങളിലും നഗരങ്ങളിലും പ്രതിഷേധക്കാരും സുരക്ഷാ സേനയുമായി ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.രാജ്യത്ത് ഇതുവരെ 41 പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധത്തില്‍ പങ്കെടുത്ത 700 പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇതില്‍ 60 പേര്‍ വനിതകളാണ്. നൂറുകണക്കിന് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്.

വെള്ളിയാഴ്ച തെഹ്‌റാനില്‍ വസ്ത്രധാരണരീതിയെ അനുകൂലിച്ച് ഹിജാബ് അനുകൂല റാലി സംഘടിപ്പിച്ചു. പ്രതിഷേധക്കാര്‍ പൊതു, സ്വകാര്യ സ്വത്തുക്കള്‍ക്ക് തീയിട്ടതായി സര്‍ക്കാര്‍ അറിയിച്ചു. മസന്ദരന്‍, ഗിലാന്‍ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത്. 2019 ല്‍ ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ ജനം തെരുവിലിറങ്ങിയശേഷം രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധിയായി ഹിജാബ് പ്രക്ഷോഭം മാറിയിട്ടുണ്ട്. 26 പ്രതിഷേധക്കാരും വടക്കന്‍ പ്രവിശ്യയില്‍ ഒരു പോലിസുകാരനും കൊല്ലപ്പെട്ടതായി ക്വാസിവിന്‍ പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണര്‍ അറിയിച്ചു.

ഹിജാബ് നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലിസ് അറസ്റ്റ് ചെയ്ത മഹ്‌സ അമിനി മരിച്ചതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ഇറാനിയന്‍ സര്‍ക്കാരിനോടുള്ള പരസ്യവെല്ലുവിളിയായി മാറിയിരിക്കുകയാണ്. തലസ്ഥാനമായ തെഹ്‌റാന്‍ അടക്കം ഒട്ടുമിക്ക പ്രമുഖ നഗരങ്ങളിലും സ്ത്രീകളടക്കം വ്യാപകമായി തെരുവിലിറങ്ങി ശിരോവസ്ത്രം ഊരിയെറിഞ്ഞും കത്തിച്ചും പ്രതിഷേധം പ്രകടിപ്പിക്കുകയാണ്.

വിദേശ രാജ്യങ്ങളിലെ ഇറാനിയന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്കു മുന്നിലും യൂറോപ്യന്‍ നഗരങ്ങളിലും പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. രാജ്യത്ത് ഇന്റര്‍നെറ്റ്, വാട്‌സ് ആപ്പ്, സ്‌കൈപ്പ്, ലിങ്ക്ഡ് ഇന്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ആശയവിനിമയ സംവിധാനങ്ങളുള്‍പ്പെടെയുള്ള വാര്‍ത്താനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അടുത്തയാഴ്ച ക്ലാസുകള്‍ ഓണ്‍ലൈനായി മാറ്റുമെന്ന് തെഹ്‌റാന്‍ സര്‍വകലാശാല പ്രഖ്യാപിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപോര്‍ട്ട് ചെയ്തു.

Tags:    

Similar News