പ്രായം ഒരു പ്രശ്‌നമല്ല; 71ാം വയസ്സിലും 4.400 മീറ്റര്‍ ഓട്ടത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച് മാത്യു
കല്‍പ്പറ്റ: ആരോഗ്യവകുപ്പും ആരോഗ്യകേരളം വയനാടും സംയുക്തമായി ജീവിതശൈലീ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി നടത്തിയ മാരത്തണ്‍ നിരവധി കാരണങ്ങള്‍ കൊണ്ടു ശ്രദ്ധേയമായിരുന്നു. അതിലേറ്റവും പ്രധാനം 71കാരന്‍ ചെന്നലോട് സ്വദേശി വലിയനിരപ്പില്‍ മാത്യുവിന്റെ പ്രകടനം തന്നെ. ചെറുപ്രായക്കാര്‍ മെഡല്‍ കൊണ്ടുപോയെങ്കിലും അവരേക്കാള്‍ ഒട്ടും പിന്നിലല്ലാതെ 4.400 കിലോമീറ്റര്‍ കുറഞ്ഞ സമയത്തിനുള്ളില്‍ അദ്ദേഹം ഓടിയെത്തി. കഴിഞ്ഞവര്‍ഷം ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നടന്ന ദേശീയ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു സ്വര്‍ണമെഡലുകള്‍ നേടി കേരളത്തിന്റെ അഭിമാനമായിരുന്നു മാത്യു. സൂപ്പര്‍ വെറ്ററന്‍ വിഭാഗത്തില്‍ 800, 1500, 10000 മീറ്റര്‍ മത്സരങ്ങളിലായിരുന്നു അന്നത്തെ നേട്ടം. വര്‍ഷങ്ങളായി ദേശീയ, സംസ്ഥാന വെറ്ററന്‍ അത്‌ലറ്റിക് മത്സരങ്ങളില്‍ സജീവ സാന്നിധ്യമാണ് അദ്ദേഹം.
50 വര്‍ഷം മുന്‍പ് കരസേനയില്‍ ചേര്‍ന്ന മാത്യു 2008ല്‍ മദ്രാസ് എന്‍ജിനിയേഴ്‌സ് റെജിമെന്റില്‍ നിന്ന് സുബേദാറായാണ് വിരമിച്ചത്. തുടര്‍ന്ന് കായികരംഗത്തേക്ക് തിരിഞ്ഞു. ഏറെ ഇഷ്ടത്തോടെ കൃഷിയും ഇതോടൊപ്പം കൊണ്ടുപോകാന്‍ ആരംഭിച്ചു. ബോഡി ബില്‍ഡിങിലും താല്‍പര്യപ്പെട്ട അദ്ദേഹം 2013, 2014, 2015 വര്‍ഷങ്ങളില്‍ മാസ്റ്റര്‍ വയനാടായി. 2016 മുതല്‍ ദീര്‍ഘദൂര ഓട്ടങ്ങളില്‍ സജീവമായി. ഭാര്യ: എല്‍സമ്മ. മക്കള്‍: ഷെറിന്‍, സ്വപ്ന, സിജോ.