ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; അഞ്ച് മാവോവാദികള്‍ കൊല്ലപ്പെട്ടു

Update: 2022-01-18 14:13 GMT

റായ്പൂര്‍: ഛത്തീസ്ഗഢില്‍ വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് മാവോവാദികള്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ മര്‍ജൂം മേഖലയിലും ഛത്തീസ്ഗഢ്- തെലങ്കാന അതിര്‍ത്തിയിലെ വനമേഖലയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട രണ്ട് വനിതകളില്‍ മാവോവാദി കേഡറും ഉള്‍പ്പെടുന്നു. മാവോവാദികളുടെ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. ഇവരുടെ തലയ്ക്ക് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. സുക്മ, ദന്ദേവാഡ, ബസ്തര്‍ എന്നിവിടങ്ങളില്‍നിന്നുള്ള തെലങ്കാനയിലെ ഉന്നത പോലിസ് സേനയായ ജില്ലാ റിസര്‍വ് ഗാര്‍ഡുകളു(ഡിആര്‍ജി) മായുണ്ടായ ഏറ്റുമുട്ടലിലാണ് ഈ വനിത കൊല്ലപ്പെട്ടത്.

ഛത്തീസ്ഗഢിന്റെയും തെലങ്കാനയുടെയും അതിര്‍ത്തിയിലെ വനമേഖലയില്‍ പുലര്‍ച്ചെയാണ് മാവോവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായത്. ചത്തീസ്ഗഢ്- തെലങ്കാന അതിര്‍ത്തിയിലാണ് രണ്ടാമത്തെ ഏറ്റുമുട്ടല്‍ നടന്നത്. മാവോവാദി നേതാവ് സുധാകറിന്റെയും 40 സായുധ നക്‌സല്‍ കേഡര്‍മാരുടെയും നീക്കത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് തെലങ്കാന പോലിസിന്റെ പ്രത്യേക നക്‌സല്‍ വിരുദ്ധ ഗ്രേഹൗണ്ട്‌സ് യൂനിറ്റിന്റെ ഒരു സംഘം ബീജാപൂര്‍ (ഛത്തീസ്ഗഢ്), മുലുഗു (തെലങ്കാന) ജില്ലകളിലെ വനമേഖലയില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.

കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ഛത്തീസ്ഗഢ് തലസ്ഥാനത്തുനിന്ന് 450 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് (ബസ്തര്‍ റേഞ്ച്) പി സുന്ദര്‍രാജ് അറിയിച്ചു.

Tags:    

Similar News