യുപിയില്‍ കാര്‍ ട്രക്കിലേക്ക് ഇടിച്ചുകയറി ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം
ലഖ്‌നോ: കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ദേശീയപാതയില്‍ കാര്‍ സ്റ്റേഷനറി സാധനങ്ങളുമായി പോവുകയായിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറി ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ബസ്തി ജില്ലയില്‍ നടന്ന അപകടത്തില്‍ രണ്ട് പേര്‍ രക്ഷപ്പെട്ടെങ്കിലും ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ലഖ്‌നോവില്‍നിന്ന് കുടുംബം ജാര്‍ഖണ്ഡിലേക്ക് പോകവെ പുരൈന ക്രോസിങ്ങിലാണ് അപകടമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു.
കണ്ടെയ്‌നര്‍ ട്രക്കിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് സര്‍ക്കിള്‍ ഓഫിസര്‍ (സിഒ) കല്‍വാരി അലോക് പ്രസാദ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിന്റെ മുക്കാല്‍ ഭാഗത്തോളം ട്രക്കിനടിയിലായതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ട്രക്കിനടിയില്‍നിന്ന് കാര്‍ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ക്രെയിന്‍ ഉപയോഗിക്കേണ്ടിവന്നു. കാറില്‍ ആകെ ഏഴ് പേരാണുണ്ടായിരുന്നത്.
അഞ്ചുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഡ്രൈവര്‍ക്കും ഒരു കൊച്ചുപെണ്‍കുട്ടിക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. അവരെ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി സുരക്ഷിതയാണ്. പക്ഷേ, ഡ്രൈവറുടെ നില ഗുരുതരമാണ്- പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരണത്തില്‍ അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ക്ക് മതിയായ ചികില്‍സ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.