രാജ്യത്തെ ഐഐടികളില്‍ അഞ്ചു വര്‍ഷത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് 50 പേര്‍

ഇതില്‍ ഏഴു പേര്‍ മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥികളാണെന്നും കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാല്‍ ലോക്‌സഭയെ അറിയിച്ചു.

Update: 2019-12-02 09:39 GMT

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഐഐടികളിലായി കഴിഞ്ഞ 5 വര്‍ഷത്തിനിടെ 50 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ ഏഴു പേര്‍ മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥികളാണെന്നും കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാല്‍ ലോക്‌സഭയെ അറിയിച്ചു.

ചെന്നൈ ഐഐടിയിലെ വിദ്യാര്‍ഥി ഫാത്തിമാ ലത്തീഫിന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റംഗങ്ങളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടര്‍ അന്വേഷണം തമിഴ്‌നാട് ക്രൈംബ്രാഞ്ചിന് കൈമാറി. ഐഐടി അധികാരികള്‍ പോലിസ് അന്വേഷണത്തില്‍ പൂര്‍ണ്ണമായും സഹകരിക്കുന്നതായും മന്ത്രി അറിയിച്ചു.

ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തിലേയും ഐഐടി, ഐഐഎം എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സംശയാസ്പദമായ മരണങ്ങളെ സംബന്ധിച്ചും എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോകസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി മറുപടി നല്‍കിയത്. ഐഐഎമ്മിലെ 10 വിദ്യാര്‍ഥികളാണ് ഇക്കാലയളവില്‍ മരണപ്പെട്ടിട്ടുളളതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി അറിയിച്ചു.

Tags:    

Similar News