ഡല്‍ഹി കലാപം: കള്ളക്കേസില്‍ ഒരു വര്‍ഷമായി മകന്‍ ജയിലില്‍; കുടുംബം പുലര്‍ത്താന്‍ ഭിക്ഷയെടുത്ത് മുസ്‌ലിം വീട്ടമ്മ

പറക്കമുറ്റാത്ത മൂന്നു മക്കള്‍ക്കൊപ്പം വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജുരി ഖാസിലെ വാടക വീട്ടില്‍ കഴിയുന്ന 50കാരിയായ തബസ്സുമാണ് കുടുംബം പുലര്‍ത്താന്‍ ഡല്‍ഹി തെരുവുകളില്‍ യാചിക്കുന്നത്.

Update: 2021-03-27 16:05 GMT

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ മുസ്‌ലിംകളെ ലക്ഷ്യമിട്ട് ഹിന്ദുത്വര്‍ നടത്തിയ വംശഹത്യാ അതിക്രമവുമായി ബന്ധപ്പെടുത്തി 22 കാരനായ മകനെ കള്ളക്കേസില്‍കുടുക്കി ജയിലിലടച്ചതിനാല്‍ കുടുംബം പുലര്‍ത്താന്‍ ഭിക്ഷയെടുക്കാന്‍ നിര്‍ബന്ധിതയായി മുസ്‌ലിം വീട്ടമ്മ. പറക്കമുറ്റാത്ത മൂന്നു മക്കള്‍ക്കൊപ്പം വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജുരി ഖാസിലെ വാടക വീട്ടില്‍ കഴിയുന്ന 50കാരിയായ തബസ്സുമാണ് കുടുംബം പുലര്‍ത്താന്‍ ഡല്‍ഹി തെരുവുകളില്‍ യാചിക്കുന്നത്.ഇവരുടെ 20കാരനായ മകന്‍ ഷഹാബുദ്ധീനെ ഡല്‍ഹി പോലിസ് കള്ളക്കേസില്‍ കുടുക്കി ഒരു വര്‍ഷമായി ജയിലിലടച്ചിരിക്കുകയാണ്.

വര്‍ഷങ്ങള്‍ക്കുമുമ്പ് ഭര്‍ത്താവും മൂത്ത മകനും മരിച്ചതിനുശേഷം ഷഹാബുദ്ദീനായിരുന്നു കുടുംബത്തിലെ ഏക അത്താണി. മാസാ മാസം വീടിന്റെ് വാടകയിനത്തില്‍തന്നെ ഒരു തുക ചെലവു വരുമെന്ന് തബസ്സും പറയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മകനെ ഡല്‍ഹി പോലിസ് പിടികൂടി കള്ളക്കേസ് ചുമത്തി ജയിലിടച്ചത്. ഇതിനു പിന്നാലെയാണ് കുടുംബത്തിന്റെ പട്ടിണി മാറ്റാനും അതിജീവനത്തിനുമായി ഭിക്ഷയെടുക്കാന്‍ നിര്‍ബന്ധിതയായതെന്ന് തബസ്സും ക്ലാരിയോണ്‍ ഇന്ത്യയോട് പറഞ്ഞു.

'കഴിഞ്ഞ വര്‍ഷം കലാപം അവസാനിച്ചതിനുശേഷം, ഒരു ട്രാഫിക് സിഗ്‌നലിനടുത്ത് നിന്നാണ് എന്റെ മകനെ പോലിസ് പിടിച്ചുകൊണ്ടുപോയത്. ബദര്‍പൂരില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങവെ വിശ്രമിക്കാന്‍ റെഡ് ലൈറ്റ് സിഗ്‌നലിനടുത്ത് ഇരിക്കുമ്പോഴായിരുന്നു പോലിസ് ഷഹാബുദ്ധീനെ കസ്റ്റഡിയിലെടുത്തത്. ആരോപറഞ്ഞ് കൊടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു പോലിസ്. കുടുംബം ഷഹാബുദ്ധീന്റെ ചുമലിലായിരുന്നു. മകന്‍ അറസ്റ്റിലായതുമുതല്‍, തന്റെ കൊച്ചുകുട്ടികളെ ഊട്ടാന്‍ പാടുപെടുകയാണ് അവര്‍.

തനിക്ക് ജോലിയൊന്നുമില്ല, അതിനാല്‍ കുടുംബം പുലര്‍ത്താന്‍ ഭിക്ഷയെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. നേരത്തെ അടുത്തുള്ള വീടുകളില്‍ സഹായത്തിനും മറ്റുമായി പോവാറുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒരു ജോലിക്കും മുസ്‌ലിംകളെ വീടുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. പല വാതിലിലും മുട്ടി, പിന്നെ, എന്റെ കുട്ടികളെ പോറ്റാന്‍ ഞാന്‍ യാചിക്കാന്‍ തുടങ്ങി'-അവര്‍ പറഞ്ഞു.

ഇന്ത്യന്‍ പീനല്‍ കോഡിലെ 147, 148, 149, 302,153 എ/ 505, 120ബി, 34 എന്നിങ്ങനെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഷഹാബുദ്ദീനെതിരെ കേസെടുത്തത്.

മോശം സാഹചര്യത്തില്‍ തബസ്സും ഭിക്ഷയെടുക്കുന്നത് ശ്രദ്ധയില്‍പെട്ട ഡല്‍ഹി കലാപബാധിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന സേവാ ഭാരത് എന്ന എന്‍ജിഒയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു പ്രാദേശിക വനിതാ പ്രവര്‍ത്തക ചാന്ദ് ബി, ഷബാഹുദ്ദീന്റെ കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഷഹാബുദ്ദീന്റെ കേസില്‍ സഹായത്തിനായി ഒരു ഹൈക്കോടതി അഭിഭാഷകനുമായി സംസാരിച്ചതായും തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നും ചാന്ദ് ബി ക്ലാരിയന്‍ ഇന്ത്യയോട് പറഞ്ഞു.

Tags:    

Similar News