പാര്‍ലമെന്റ് ആക്രമണത്തിനു പിന്നില്‍ ആറുപേര്‍; പിടിയിലായത് അഞ്ചുപേര്‍, നാലുവര്‍ഷത്തെ ആസൂത്രണം

Update: 2023-12-13 16:02 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സന്ദര്‍ശക ഗാലറിയില്‍നിന്ന് രണ്ടുപേര്‍ ചാടിയിറങ്ങി അതിക്രമം കാട്ടിയ സംഭവത്തിനു പിന്നില്‍ ആറുപേരെന്ന് റിപോര്‍ട്ട്. ഇതില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായും ഒരാള്‍ ഓടിരക്ഷപ്പെട്ടതായുമാണ് റിപോര്‍ട്ട്. സാഗര്‍ ശര്‍മ, ഡി മനോരഞ്ജന്‍ എന്നിവരാണ് ലോക്‌സഭയ്ക്കുള്ളില്‍ മഞ്ഞ ഗ്യാസ് സ്‌പ്രേ പ്രയോഗിച്ചത്. നീലം ദേവി, അമോല്‍ ഷിന്‍ഡെ എന്നിവരെ പാര്‍ലമെന്റിന് പുറത്ത് അതിക്രമം കാട്ടിയതിനും പിടികൂടി. ഗുഡ്ഗാവില്‍ നിന്നുള്ള വിക്കി ശര്‍മയാണ് അറസ്റ്റിലായ മറ്റൊരാള്‍. ലളിത് ഝാ എന്നയാളെയാണ് പിടികൂടാനുള്ളത്. ലോക്‌സഭയ്ക്കുള്ളില്‍ അതിക്രമം കാട്ടിയ സാഗര്‍ ശര്‍മ ഉത്തര്‍പ്രദേശിലെ ലഖ്‌നോ സ്വദേശിയും ഡി മനോരഞ്ജന്‍ കര്‍ണാടകയിലെ മൈസൂര്‍ സ്വദേശിയാണെന്നുമാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. അമോല്‍ ഷിന്‍ഡെ മഹാരാഷ്ട്രയിലെ ലാത്തൂര്‍, നീലം ദേവി ഹരിയാനയിലെ ഹിസാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. അക്രമികള്‍ ബിജെപി എംപി പ്രതാപ് സിംഹയുടെ ഓഫിസ് നല്‍കിയ പ്രവേശന പാസ് ആണ് ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ തന്റെ നിലപാട് വിശദീകരിക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കാണുമെന്ന് മൈസൂരില്‍ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹ പറഞ്ഞു.

    പ്രതികള്‍ ആറുപേരും നാല് വര്‍ഷമായി പരസ്പരം അറിയുകയും ഒരുമിച്ച് പദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്തതായാണ് വാര്‍ത്താ ഏജന്‍സികളുടെ റിപോര്‍ട്ട്. ഇിന്റെ ഭാഗമായി പാര്‍ലമെന്റ് സമുച്ചയം പോലും പുനരവലോകനം ചെയ്തു. എല്ലാവരും പാര്‍ലമെന്റിനകത്തേക്ക് പോവാന്‍ ശ്രമിച്ചിരുന്നെങ്കിലും രണ്ട് പേര്‍ക്കാണ് പാസുകള്‍ ലഭിച്ചത്. ഏതെങ്കിലും ഭീകരസംഘം ഇതിനുപിന്നിലുണ്ടെന്നതിന് നിലവില്‍ തെളിവുകളില്ലെന്നാണ് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തത്. സാഗര്‍ ശര്‍മ്മയുടെയും ഡി മനോരഞ്ജന്റെയും ആധാര്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും പോലിസ് പുറത്തുവിട്ടു. 42കാരിയായ നീലം ദേവി സിവില്‍ സര്‍വീസിന് പഠിക്കുന്ന അധ്യാപികയാണ്. കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രതിഷേധത്തില്‍ സജീവമായി പങ്കെടുത്തിരുന്നുവെന്നും എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നുമാണ് നീലത്തിന്റെ സഹോദരന്‍ പറയുന്നത്.

    ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ലോക്‌സഭയുടെ സീറോ അവര്‍ സെഷനിടെയാണ് സാഗര്‍ ശര്‍മ സന്ദര്‍ശക ഗാലറിയില്‍ നിന്ന് ചേംബറിലേക്ക് ചാടിയത്. തുടര്‍ന്ന് മഞ്ഞ നിറത്തിലുള്ള പുകയടങ്ങിയ സ്േ്രപ പ്രയോഗിച്ചു. മേശയില്‍ നിന്ന് മേശയിലേക്ക് ചാടി ലോക്‌സഭാ സ്പീക്കറുടെ കസേരയിലെത്താനും ശ്രമം നടത്തി. ഇതിനിടെ എംപിമാര്‍ അദ്ദേഹത്തെ കീഴടക്കുകയുായിരുന്നു. ചില എംപിമാര്‍ ഇയാളെ മര്‍ദ്ദിക്കുകയും ചെയ്തു. ഈ സമയം ഗാലറിയിലുണ്ടായിരുന്ന മനോരഞ്ജനും സ്‌പ്രേ പ്രയോഗിച്ചു. നീലം ദേവിയും അമോല്‍ ഷിന്‍ഡെയും പാര്‍ലമെന്റിനു പുറത്ത് മഞ്ഞയും ചുവപ്പും നിറത്തിലുള്ള പുക ഗ്യാസ് പൊട്ടിക്കുകയും സ്വേച്ഛാധിപത്യത്തെ അപലപിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അറസ്റ്റിലായ എല്ലാവരെയും ഡല്‍ഹി പോലിസിന്റെ ഭീകരവിരുദ്ധ സെല്‍ ചോദ്യം ചെയ്തുവരികയാണ്. എല്ലാവരെയും പിടികൂടിയെന്നും സാമഗ്രികള്‍ പിടിച്ചെടുത്തതായും സമഗ്രമായ അന്വേഷണം നടത്തുമെന്നും സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.

Tags:    

Similar News