24 മണിക്കൂറിനിടെ 60,000 പുതിയ കേസുകള്‍; രാജ്യത്ത് കൊവിഡ് രോഗികള്‍ 2.95 കോടിയിലേക്ക്

Update: 2021-06-15 04:12 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 59,958 പേര്‍ക്ക്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2.95 കോടിയിലേക്ക് കടക്കുകയാണ്. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് വൈറസ് കണ്ടെത്തി ഇതുവരെ 2,95,70,035 പേര്‍ക്കാണ് കൊവിഡ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. 9,08,547 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് വൈറസ് പടര്‍ന്നുപിടിച്ചപ്പോള്‍ ചികില്‍സയിലുള്ള രോഗികളുടെ എണ്ണം കുതിച്ചുയരുകയായിരുന്നു. ചികില്‍സയിലുള്ള രോഗികളുടെ എണ്ണം 66 ദിവസത്തിനിടെയാണ് 10 ലക്ഷത്തിന് താഴെയാവുന്നത്. ഇത് രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞുവരുന്നതിന്റെ സൂചനകളായാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ ഒരുദിവസത്തിനിടെ 1,17,232 പേര്‍ രോഗമുക്തരായി. വൈറസ് പിടിപെട്ട് 24 മണിക്കൂറിനിടെ 2,732 മരണം സംഭവിച്ചപ്പോള്‍ ആകെ മരണസംഖ്യ 3,77,061 ആയി ഉയര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച ആകെ 17,51,158 സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതോടെ രാജ്യത്തെ ഇതുവരെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 38,13,75,984 ആയിട്ടുണ്ട്. രോഗവ്യാപനം കുറയാത്ത പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ തുടരുകയാണ്. മഹാരാഷ്ട്ര, കര്‍ണാടക, കേരള, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കൂടുതലാണെങ്കിലും ഇപ്പോള്‍ പ്രതിദിന കേസുകള്‍ കുറഞ്ഞിട്ടുണ്ട്.

തമിഴ്‌നാട്ടിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപോര്‍ട്ട് ചെയ്തത്- 12,772. മഹാരാഷ്ട്രയില്‍ 8,129 പേര്‍ക്കും വൈറസ് കണ്ടെത്തി. ഈ സംസ്ഥാനങ്ങളില്‍ രോഗമുക്തി നിരക്കിലും വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. ബംഗളൂരുവില്‍ ജൂണ്‍ 21ന് അര്‍ധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അത്യാവശ്യങ്ങള്‍ക്കല്ലാതെ പൊതുസ്ഥലങ്ങളിലും നാലുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് നിരോധിച്ചുകൊണ്ട് ബംഗളൂരു സിറ്റി പോലിസ് കമ്മീഷണറും അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റും ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്.

Tags:    

Similar News