24 മണിക്കൂറിനിടെ 3.72 ലക്ഷം പുതിയ കേസുകള്‍; ലോകത്തെ കൊവിഡ് രോഗികള്‍ 18 കോടിയിലേക്ക്
വാഷിങ്ടണ്‍: ലോകത്തെ കൊവിഡ് ബാധിതര്‍ 18 കോടിയിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.72 ലക്ഷം പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 17,99,36,205 ആയി ഉയര്‍ന്നു. ഒരുദിവസം മാത്രം 8,501 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആകെ 38,98,261 മരണമാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 16,47,04,672 പേരുടെ രോഗം ഭേദമായി. 1,13,33,272 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 81,894 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, തുര്‍ക്കി, റഷ്യ, യുകെ, അര്‍ജന്റീന, ഇറ്റലി, കൊളംബിയ തുടങ്ങിയ രാജ്യങ്ങളാണ് രോഗികള്‍ കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യപത്തിലുള്ളത്.
അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വലിയ ഇടിവാണുണ്ടായിരിക്കുന്നത്. അതേസമയം, ഇന്ത്യയിലും ബ്രസീലിലുമാണ് പ്രതിദിന രോഗികളുടെ എണ്ണം ഉയര്‍ന്നിരിക്കുന്നത്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 11,005 പേര്‍ക്കാണ് കൊവിഡ് രേഖപ്പെടുത്തിയതെങ്കിലും ഇന്ത്യയില്‍ ഇത് 54,393 ഉം ബ്രസീലില്‍ 86,833 ഉം ആണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ത്യയാണ് പ്രതിദിന കേസുകളില്‍ മുന്നില്‍. പുതിയ വൈറസ് വകഭേദമായി ഡെല്‍റ്റ പ്ലസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുകയാണ്.
കുറഞ്ഞുവന്ന രോഗികളുടെ എണ്ണം കൂടുതല്‍ ഇത് ഇടവരുത്തുമോയെന്ന ആശങ്കയാണ് ഉയരുന്നത്. ആകെ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇതേ നിലയില്‍ പോവുകയാണെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ കൊവിഡ് കേസുകള്‍ അമേരിക്കയുടെ മുന്നിലെത്തും. ഇപ്പോള്‍തന്നെ ഇന്ത്യയില്‍ 3,00,28,709 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത് അമേരിക്കയിലാണെങ്കില്‍ 3,44,34,803 പേരാണ് വൈറസ് ബാധിതരായിട്ടുള്ളത്. ഈ കണക്ക് മറികടന്ന് ഇന്ത്യ പട്ടികയില്‍ ഒന്നാമതെത്തുന്ന സാഹചര്യങ്ങളിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്.
വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക- 3,44,34,803 (6,17,875), ഇന്ത്യ- 3,00,28,709 (3,90,691), ബ്രസീല്‍: 1,80,56,639 (5,04,897), ഫ്രാന്‍സ്: 57,60,002 (1,10,829), തുര്‍ക്കി: 53,81,736 (49,293), റഷ്യ: 53,50,919 (1,30,347), യുകെ: 46,51,988 (1,28,008), അര്‍ജന്റീന: 42,98,782 (90,281), ഇറ്റലി: 42,54,294 (1,27,322), കൊളംബിയ: 39,97,021 (1,01,302).