യുവാവിനെ കൊന്ന് മൃതദേഹം ബാഗിലാക്കി ഓവുചാലില്‍ തള്ളി; ഭാര്യയും കാമുകനും ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് യുവാവിനെ കൊന്ന് മൃതദേഹം ട്രോളി ബാഗിനുള്ളിലാക്കി ഓവുചാലില്‍ തള്ളി. ഡല്‍ഹിയിലെ പോഷ് ന്യൂ ഫ്രണ്ട്‌സ് കോളനി പ്രദേശത്തെ ഓവുചാലില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയ ട്രോളി ബാഗ് പരിശോധിച്ചപ്പോഴാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ദക്ഷിണ ഡല്‍ഹിയിലെ നെബ് സരായ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന നവീനാ(35)ണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ ഭാര്യ മുസ്‌കാന്‍, കാമുകന്‍ ജമാല്‍, സുഹൃത്തുക്കളായ വിവേക്, കോസലേന്ദ്ര എന്നിവര്‍ അടക്കം ഏഴുപേരെ പോലിസ് അറസ്റ്റുചെയ്തു.
ആഗസ്ത് 10നാണ് സുഖ്‌ദേവ് വിഹാറിലെ ഓവുചാലില്‍ ഒരു ട്രോളി ബാഗ് പൊങ്ങിക്കിടക്കുന്നതായി പോലിസിന് വിവരം ലഭിച്ചത്. പരിശോധനയില്‍ ഇതില്‍ ഒരു മൃതദേഹനും കാണപ്പെട്ടു. അഴുകിയ മൃതദേഹം ഏകദേശം 35 വയസ്സുള്ള ഒരു പുരുഷന്റേതാണെന്ന് വ്യക്തമായി. എന്നാല്‍, മൃതദേഹം അഴുകിയ നിലയിലായതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എങ്കിലും മൃതദേഹത്തിന്റെ വലതു കൈയില്‍ നവീന്‍ എന്ന് പച്ചകുത്തിയിരിക്കുന്നത് പോലിസിന്റെ ശ്രദ്ധയില്‍പ്പെട്ടു. മൃതദേഹം കണ്ടെടുത്തതിനെത്തുടര്‍ന്ന് ഐപിസി 302, 201 വകുപ്പുകള്‍ പ്രകാരം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദക്ഷിണ ഡല്‍ഹിയിലെ നെബ് സരായ് പോലിസ് സ്‌റ്റേഷനില്‍ നവീന്‍ എന്ന തന്റെ ഭര്‍ത്താവിനെ ആഗസ്ത് 8 മുതല്‍ കാണാനില്ലെന്ന് ഭാര്യ പരാതി നല്‍കിയതായി വിവരം ലഭിച്ചു. ആഗസ്ത് 12നാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ നല്‍കിയ വിലാസത്തില്‍ പോലിസ് എത്തിയപ്പോള്‍ നവീന്റെ ഭാര്യ മുസ്‌കാന്‍ ആഗസ്ത് 11 ന് വാടകവീട്ടില്‍നിന്ന് പോയതായി പോലിസ് കണ്ടെത്തി. പോലിസ് മൊബൈല്‍ ലൊക്കേഷന്‍ ട്രാക്കുചെയ്ത് മുസ്‌കാന്‍ ഇപ്പോള്‍ താമസിക്കുന്ന പുതിയ വീട്ടിലെത്തി. ഇവിടെ മുസ്‌കാന്‍ മാതാവ് മീനുവിനും രണ്ട് വയസ്സുള്ള മകള്‍ക്കുമൊപ്പമാണ് താമസിച്ചുവന്നിരുന്നത്.
നവീന്റെ കൈയില്‍ പച്ചകുത്തിയ കാര്യം മുസ്‌കാന്‍ നിഷേധിച്ചെങ്കിലും സഹോദരന്‍ ഇക്കാര്യം പോലിസിനോട് സ്ഥിരീകരിച്ചു. ആഗസ്ത് 7 ന് താനും നവീനും തമ്മില്‍ വഴക്കുണ്ടായി. നവീന്‍ അടിച്ചപ്പോള്‍ വായില്‍നിന്ന് രക്തസ്രാവമുണ്ടായി. ഇതെത്തുടര്‍ന്ന് താന്‍ പിസിആര്‍ കോള്‍ ചെയ്യുകയും വൈദ്യപരിശോധനയ്ക്കായി എയിംസില്‍ പോവുകയും ചെയ്തു. തിരികെയെത്തിയപ്പോഴേയ്ക്കും നവീന്‍ വീട്ടില്‍നിന്ന് പോയിരുന്നു- ഭാര്യ മുസ്‌കാന്‍ പോലിസിനോട് വിശദീകരിച്ചു. പിസിആര്‍ കോള്‍ ചെയ്തതായി പോലിസിന് വ്യക്തമായെങ്കിലും മെഡിക്കോ- ലീഗല്‍ കേസ് റെക്കോര്‍ഡൊന്നും കണ്ടെത്താനായില്ല.
കാണാതായി അഞ്ചുദിവസത്തിന് ശേഷം എന്തിനാണ് നവീനെ കാണാനില്ലെന്ന് മുസ്‌കാന്‍ പരാതി നല്‍കിയതെന്നതിനെക്കുറിച്ച് പോലിസ് അന്വേഷണം തുടങ്ങി. മുസ്‌കാന്റെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ സുഹൃത്ത് ജമാലുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. ജമാലിന്റെ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ആഗസ്ത് 7 ന് മുസ്‌കാന്റെ വീട്ടിലും അടുത്ത ദിവസം മൃതദേഹം ഉപേക്ഷിച്ച സുഖദേവ് വിഹാറിലുമുണ്ടായിരുന്നതായി വ്യക്തമായി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ആഗസ്ത് 7 ന് രാത്രിസമയത്ത് ജമാലിനെ അവരുടെ വീട്ടില്‍ നവീന്‍ കാണാനിടയായി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്ന് മുസ്‌കാന്‍ പോലിസിനോട് സമ്മതിച്ചു.
വാഗ്വാദം മൂര്‍ച്ഛിച്ചപ്പോള്‍ പുറത്തുനില്‍ക്കുകയായിരുന്ന ജമാലിന്റെ സുഹൃത്തുക്കളായ വിവേകും കോസലേന്ദ്രയും മുറിയില്‍ കടക്കുകയും നവീനെ പിടിച്ചുവയ്ക്കുകയുമായിരുന്നു. ജമാലും വിവേകും പിടിച്ചുനിര്‍ത്തിയപ്പോള്‍ കോസലേന്ദ്ര നവീന്റെ കഴുത്തില്‍ പലതവണ കുത്തുകയും മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം കുളിമുറിയില്‍വച്ച് കഴുകി മുറിയും വൃത്തിയാക്കി. നവീന്റെയും ജമാലിന്റെയും രക്തം പുരണ്ട വസ്ത്രങ്ങള്‍ ചിരാഗ് ഡല്‍ഹിയിലെ ഓടയില്‍ വലിച്ചെറിയുകയും മൃതദേഹം ട്രോളി ബാഗില്‍ നിറച്ച് സുഖദേവ് വിഹാറിലെ ഓവുചാലില്‍ തള്ളുകയും ചെയ്തതായി മുസ്‌കാന്റെ മൊഴിയെ ഉദ്ധരിച്ച് പോലിസ് പറയുന്നു.
മുസ്‌കാനെയാണ് ആദ്യം പോലിസ് അറസ്റ്റ് ചെയ്തത്. അതിനുശേഷം ഡല്‍ഹിയിലെ ദേവ്‌ലിയില്‍നിന്ന് വിവേകിനെയും ഉത്തര്‍പ്രദേശിലെ മൊറാദാബാദ് സ്‌റ്റേഷനില്‍നിന്ന് ജമാലിനെയും ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍നിന്ന് കോസലേന്ദ്രയെയും പോലിസ് അറസ്റ്റ് ചെയ്തു. മൃതദേഹം പുറന്തള്ളാന്‍ ഉപയോഗിച്ച ഓട്ടോ ഓടിച്ച വിവേകിന്റെ സഹോദരന്‍ വിശാലിനെയും ജമാലിന്റെ സുഹൃത്ത് രാജ്പാലിനെും കൊലപാതകത്തില്‍ പങ്കുണ്ടെന്നാരോപിച്ച് അറസ്റ്റ് ചെയ്തു. നവീനെ കൊല്ലാന്‍ ജമാലിനെയും മറ്റുള്ളവരെയും പ്രേരിപ്പിച്ചതിനാണ് മുസ്‌കാന്റെ അമ്മയെ അറസ്റ്റുചെയ്തത്. കൊലപാതകം നടക്കുമ്പോള്‍ മുസ്‌കാന്റെ മാതാവ് മുറിയിലുണ്ടായിരുന്നുവെന്ന് പോലിസ് കണ്ടെത്തി. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തിയും രക്തം പുരണ്ട വസ്ത്രങ്ങളും പോലിസ് കണ്ടെടുത്തിട്ടുണ്ട്.