മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല്‍ എംപിമാരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലിസ്

Update: 2023-10-03 17:33 GMT

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നിഷേധിച്ചതില്‍ പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ വലിച്ചിഴച്ച് ഡല്‍ഹി പോലിസ്. കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി മുഖര്‍ജി നഗറിലെ ഉല്‍സവ് സദനിലേക്കാണ് മാറ്റിയത്. മഹുവ മൊയ്ത്രയെ കൂടാതെ എംപിമാരായ അഭിഷേക് ബാനര്‍ജി, ഡെറക് ഒബ്രിയാന്‍, നിരവധി നിയമസഭാംഗങ്ങള്‍ എന്നിവരെയും ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൃഷിഭവന്‍ പരിസരത്ത് നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരെ ഡല്‍ഹി പോലിസ് ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കൃഷിഭവനിലെ കുത്തിയിരിപ്പ് സമരത്തെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജിയും ഡെറക് ഒബ്രിയാനും ഉള്‍പ്പെടെ രണ്ട് ഡസനിലധികം ടിഎംസി അനുഭാവികളെ കസ്റ്റഡിയിലെടുത്തതായി ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ഫ്രീപ്രസ് ജേണല്‍ റിപോര്‍ട്ട് ചെയ്തു.

    തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിനിധി സംഘം ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ ഓഫീസില്‍ ഇന്ന് വൈകീട്ട് ആറിന് കൂടിക്കാഴ്ചയ്‌ക്കെത്തിയിരുന്നു. എന്നാല്‍, രാത്രി 7.30ന് അവരെ കാണാന്‍ കഴിയില്ലെന്ന് അറിയിച്ചു. ഇതോടെ അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സംഘം കൃഷിഭവനുള്ളില്‍ ധര്‍ണ നടത്തുകയും മന്ത്രിയെ കാണുന്നതുവരെ പിന്‍മാറില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ഡല്‍ഹി പോലിസ് തൃണമൂല്‍ നേതാക്കളെ തടഞ്ഞുവച്ച് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തത്. മഹുവ മൊയ്ത്രയെ കൃഷിഭവനില്‍ നിന്ന് ഡല്‍ഹി പോലിസ് വലിച്ചിഴയ്ക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഒരു എംപിയോട് ഇങ്ങനെയൊക്കെ ചെയ്യാമോയെന്ന് മൊയ്ത്ര വിളിച്ചുപറയുന്നുണ്ട്. 'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ തിരഞ്ഞെടുക്കപ്പെട്ട എംപിമാരോട് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഒരു മന്ത്രിയെ കാണാന്‍ അപ്പോയിന്റ്‌മെന്റ് നല്‍കിയതിന് ശേഷം ഇങ്ങനെയാണ് പെരുമാറുന്നതെന്നും മൂന്നുമണിക്കൂര്‍ കാത്തിരുന്ന ശേഷവും അനുവദിച്ചില്ലെന്നും മൊയ്ത്ര ട്വീറ്റ് ചെയ്തു. കേന്ദ്രസര്‍ക്കാര്‍ പശ്ചിമ ബംഗാളിനുള്ള ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഷേക് ബാനര്‍ജിയും പാര്‍ട്ടി നേതാക്കളും അനുഭാവികളും ചേര്‍ന്ന് തിങ്കളാഴ്ച ന്യൂഡല്‍ഹിയിലെ രാജ്ഘട്ടില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. പശ്ചിമ ബംഗാളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎ), പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) എന്നിവയുടെ ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസത്തിനെതിരേയാണ് സമരം നടത്തുന്നത്.

Tags:    

Similar News