ഒമിക്രോണ്‍: യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുതുക്കി; 'അപകടസാധ്യതയുള്ള' രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന്‍

Update: 2021-11-29 02:13 GMT

ന്യൂഡല്‍ഹി: പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ആശങ്ക വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് അന്താരാഷ്ട്ര യാത്രാ മാനദണ്ഡങ്ങള്‍ പുതുക്കി. രാജ്യത്തെത്തുന്ന യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങളാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പരിഷ്‌കരിച്ചത്. ഇന്ത്യയില്‍ എത്തിച്ചേരുന്ന, 'അപകടസാധ്യതയുള്ള' വിഭാഗത്തിന് കീഴിലുള്ള രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരെ എത്തിച്ചേരുന്ന ഘട്ടത്തില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ശേഷം ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈനിലേക്ക് അയക്കും.

മറ്റ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരുടെ കാര്യത്തില്‍, അവരെ വിമാനത്താവളത്തില്‍നിന്ന് പുറത്തുപോവാന്‍ അനുവദിക്കുകയും അവിടെ എത്തിയതിന് ശേഷം 14 ദിവസത്തേക്ക് അവരുടെ ആരോഗ്യം സ്വയം നിരീക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. മൊത്തം വിമാന യാത്രക്കാരുടെ അഞ്ചുശതമാനം പേരെ എത്തിച്ചേരുമ്പോള്‍ വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കും. പ്രത്യേകിച്ച് മാനദണ്ഡങ്ങളൊന്നും നോക്കാതെ റാന്‍ഡമായി തിരഞ്ഞെടുക്കുന്നവരെയാണ് പരിശോധിക്കുക. ഇത്തരം യാത്രക്കാരുടെ പരിശോധനാ ചെലവ് വ്യോമയാന മന്ത്രാലയം വഹിക്കും. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

അപകടസാധ്യതയുള്ള 12 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരെയാണ് പരിശോധനയ്ക്കും അധികനിരീക്ഷണത്തിനും വിധേയമാക്കുക. അന്താരാഷ്ട്ര യാത്രക്കാര്‍ 14 ദിവസത്തെ യാത്രാചരിത്രം സമര്‍പ്പിക്കണം. യാത്രക്കാര്‍ ഓണ്‍ലൈന്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം സമര്‍പ്പിക്കുകയും 14 ദിവസത്തെ യാത്രാ ചരിത്രം ഉള്‍പ്പെടുത്തുകയും വേണം. യാത്ര കഴിഞ്ഞ് 72 മണിക്കൂറിനുള്ളില്‍ നടത്തിയിരിക്കേണ്ട കൊവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് റിപോര്‍ട്ടും അവര്‍ അപ്‌ലോഡ് ചെയ്യണം. കൊവിഡ് ടെസ്റ്റ് റിപോര്‍ട്ടിന്റെ ആധികാരികത സംബന്ധിച്ച ഡിക്ലറേഷനും ആവശ്യമാണ്. കൃത്രിമമായ റിപോര്‍ട്ടുകള്‍ യാത്രക്കാരനെ ക്രിമിനല്‍ പ്രോസിക്യൂഷന് വിധേയനാക്കും.

അതേസമയം, രാജ്യത്ത് ഷെഡ്യൂള്‍ ചെയ്ത വാണിജ്യ അന്താരാഷ്ട്ര പാസഞ്ചര്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള തീരുമാനം പുനപ്പരിശോധിക്കാനും കേന്ദ്രം തീരുമാനിച്ചു. സര്‍വീസുകള്‍ പുനരാരംഭിക്കുന്ന തിയ്യതി അവലോകനം ചെയ്യാന്‍ കേന്ദ്രം ഇപ്പോള്‍ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. രാജ്യത്ത് എത്തുന്ന യാത്രക്കാരുടെ പരിശോധനയും നിരീക്ഷണവും സംബന്ധിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീജ്യര്‍ (എസ്ഒപി) അവലോകനം ചെയ്യാനും മന്ത്രാലയം തീരുമാനിച്ചു. പ്രത്യേകിച്ച് വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള സാഹചര്യമനുസരിച്ച് 'അപകടസാധ്യതയുള്ള' രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്കുള്ള എസ്ഒപിയില്‍ മാറ്റം വരുത്തുന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് ട്വീറ്റില്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ലോകാരോഗ്യ സംഘടന ആശങ്കയുടെ വകഭേദമായി കണ്ടെത്തിയ ഒമിക്രോണുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല അവലോകന യോഗം നടത്തിയതിന് തൊട്ടുപിന്നാലെയാണിത്. യോഗത്തില്‍ വിവിധ വിദഗ്ധര്‍, നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി കെ പോള്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ ഡോ. വിജയ് രാഘവന്‍, ആരോഗ്യം, വ്യോമയാനം, മറ്റ് മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തതായി വക്താവ് പറഞ്ഞു.

'ഒമിക്രോണ്‍ വൈറസിന്റെ പശ്ചാത്തലത്തില്‍ മൊത്തത്തിലുള്ള ആഗോള സാഹചര്യം സമഗ്രമായി അവലോകനം ചെയ്തു. നിലവിലുള്ള വിവിധ പ്രതിരോധ നടപടികളും കൂടുതല്‍ ശക്തിപ്പെടുത്തേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്തു,'- ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. വകഭേദത്തിന്റെ ജീനോമിക് നിരീക്ഷണം കൂടുതല്‍ ശക്തമാക്കാനും തീവ്രമാക്കാനും യോഗം തീരുമാനിച്ചു. വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ടെസ്റ്റിങ് പ്രോട്ടോക്കോള്‍ കര്‍ശനമായി നിരീക്ഷിക്കുന്നതിന് എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫിസര്‍മാരെയും (എപിഎച്ച്ഒ) പോര്‍ട്ട് ഹെല്‍ത്ത് ഓഫിസര്‍മാരെയും (പിഎച്ച്ഒ) ബോധവല്‍ക്കരിക്കാനും യോഗം തീരുമാനിച്ചെന്ന് വക്താവ് പറഞ്ഞു.

രാജ്യത്തിനകത്ത് ഉയര്‍ന്നുവരുന്ന പകര്‍ച്ചവ്യാധി സാഹചര്യത്തെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് വക്താവ് പറഞ്ഞു. 21 മാസത്തെ നിരോധനത്തിന് ശേഷം, ഡിസംബര്‍ 15 മുതല്‍ ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന് നവംബര്‍ 26 ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ, കൂടുതല്‍ സാംക്രമിക സാധ്യതയുള്ള ബി.1.1.529 വകഭേദം ആദ്യമായി നവംബര്‍ 24 ന് ദക്ഷിണാഫ്രിക്കയിലാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. യുകെ, ജര്‍മനി, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, ബോട്‌സ്വാന, ഇസ്രായേല്‍, ആസ്‌ത്രേലിയ, ഹോങ്‌കോങ് തുടങ്ങിയ ഇടങ്ങളിലും ഈ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    

Similar News