744 പോലിസുകാര്‍ ക്രിമിനല്‍ കേസില്‍ പ്രതികള്‍; പിരിച്ചുവിട്ടത് 18 പേരെ മാത്രം

ക്രിമിനല്‍ കേസില്‍ പ്രതികളായ 691 പേര്‍ക്കെതിരേയാണ് വകുപ്പുതല നടപടികള്‍ സ്വീകരിച്ചത്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിച്ചതായാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്.

Update: 2021-11-06 12:28 GMT

കോഴിക്കോട്: സംസ്ഥാനത്തുടനീളം ജനമൈത്രി പോലിസ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ച് സേനയെ ജനസൗഹൃദമാക്കുകയാണെന്ന് ആഭ്യന്തരവകുപ്പ് അവകാശപ്പെടുമ്പോഴും ക്രിമിനല്‍ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ വിലസുന്നു. കേരള പോലിസിലെ 744 ഉദ്യോഗസ്ഥരാണ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്ക്. നിയമസഭയില്‍ വടകര എംഎല്‍എ കെ കെ രമയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേരള പോലിസിലെ ക്രിമിനലുകളുടെ വിവരം മുഖ്യമന്ത്രി പുറത്തുവിട്ടത്.

ഗാര്‍ഹിക പീഡനം, അതിര്‍ത്തി തര്‍ക്കം തുടങ്ങി കേസുകള്‍ വഴി ക്രിമിനലുകളുടെ പട്ടികയിലുള്‍പ്പെടുന്ന പോലിസുകാര്‍ മുതല്‍ ഇടുക്കി നെടുങ്കണ്ടത്തെ കസ്റ്റഡി മരണം പോലുള്ള കേസുകളിലും മൃതദേഹത്തില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചവരും വരെ ക്രിമിനല്‍ കേസ് പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. സംസ്ഥാനത്ത് പോലിസ് അതിക്രമങ്ങളും ജനങ്ങളോട് മോശമായി പെരുമാറുന്നതുമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കെ കെ രമ നിയമസഭയില്‍ ഈ ചോദ്യമുന്നയിച്ചത്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട 18 പേരെ മാത്രമാണ് സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടത്. മറ്റുള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം.

ക്രിമിനല്‍ കേസില്‍ പ്രതികളായ 691 പേര്‍ക്കെതിരേയാണ് വകുപ്പുതല നടപടികള്‍ സ്വീകരിച്ചത്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിച്ചതായാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സാധാരണക്കാര്‍ക്ക് നീതി ഉറപ്പാക്കുന്നതിനും ഉത്തരവാദിത്തമുള്ള 744 പോലിസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് എന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് കെ കെ രമ എംഎല്‍എ പ്രതികരിച്ചു. എല്ലാവിധത്തിലും ഉത്തരവാദിത്തമുള്ള വ്യക്തികളാണ് പോലിസ് ഉദ്യോഗസ്ഥര്‍.

നിര്‍ഭാഗ്യവശാല്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ പോലിസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംസ്ഥാനത്ത് ആശങ്കാജനകമായ വിഷയമായി തുടരുന്നു. ഇത്തരം നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ശ്രദ്ധയില്‍പ്പെട്ടാല്‍ മാത്രമേ നടപടിയുണ്ടാവൂ എന്നതിനാല്‍ യഥാര്‍ഥ കേസുകളുടെ എണ്ണം വളരെ കൂടുതലായിരിക്കും. മിക്ക കേസുകളിലും ആളുകള്‍ പോലിസിനെതിരേ സംസാരിക്കാന്‍ തയ്യാറല്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സമീപകാലത്തായി പോലിസിനെതിരേ അനേകം നിയമലംഘനങ്ങളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായുള്ള അടുപ്പത്തിന്റെ പേരില്‍ മുന്‍ പോലിസ് മേധാവിയടക്കമുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ആരോപണം നേരിടുന്നതും, പോലിസ് ഉള്‍പ്പെട്ട ഹണിട്രാപ്പ് കേസ്, പെണ്‍കുട്ടിയെയും അച്ഛനെയും മോഷ്ടാവാക്കി ചിത്രീകരിച്ചുള്ള പിങ്ക് പോലിസിന്റെ ക്രൂരത, വാഹനപരിശോധനയുടെ പേരിലുള്ള പോലിസ് അതിക്രമം, സ്റ്റേഷനിലെത്തുന്ന പരാതിക്കാരോട് മോശമായി പെരുമാറല്‍ തുടങ്ങിയ സംഭവങ്ങള്‍ പോലിസ് സേനയുടെ നാണംകെടുത്തി.

ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികളുമായുള്ള മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുടെ അടുപ്പം പുറത്തുവന്നതോടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രിക്ക് താക്കീത് നല്‍കേണ്ട സ്ഥിതിയുണ്ടായി. 2018ല്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പോലിസ് സേനയിലെ 1,129 പേരാണ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായിരുന്നത്. ഇതില്‍ പലതും ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. ക്രിമിനല്‍ കേസില്‍ പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ തുടരുന്നതിന്റെ ധാര്‍മികത കോടതികളും വിവിധ ഏജന്‍സികളും ചോദ്യം ചെയ്തിരുന്നു. എന്നിട്ടും ക്രിമിനല്‍ പശ്ചാത്തലമുള്ള പോലിസുകാര്‍ ഇപ്പോഴും സര്‍വീസില്‍ നിര്‍ണായക സ്ഥാനങ്ങളില്‍ തുടരുകയാണ്.

Tags:    

Similar News