എവറസ്റ്റ് കൊടുമുടിയുടെ ഉയരം 'കൂടി'; പുനര്‍നിര്‍ണയത്തില്‍ വര്‍ധിച്ചത് 0.86 മീറ്റര്‍
പുനര്‍നിര്‍ണയത്തില്‍ എവറസ്റ്റിന്റെ ഉയരം 8848.86 മീറ്റര്‍ ആണെന്ന് നേപ്പാളും ചൈനയും അറിയിച്ചു.
കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം 'കൂടി'. പുനര്‍നിര്‍ണയത്തില്‍ എവറസ്റ്റിന്റെ ഉയരം 8848.86 മീറ്റര്‍ ആണെന്ന് നേപ്പാളും ചൈനയും അറിയിച്ചു. ഇരു രാജ്യങ്ങളും സംയുക്തമായാണ് എവറസ്റ്റിന്റെ ഉയരം പുനര്‍നിര്‍ണയിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.
1954ല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ അളവെടുക്കല്‍ പ്രകാരം 8848 മീറ്റര്‍ ആയിരുന്നു എവറസ്റ്റിന്റെ ഉയരം. ഇപ്പോള്‍ 0.86 മീറ്ററിന്റെ വര്‍ധനയാണ് എവറസ്റ്റിന്റെ ഉയരത്തിലുണ്ടായതായി നേപ്പാളും ചൈനയും കണ്ടെത്തിയിരിക്കുന്നത്. എവറസ്റ്റിന്റെ കൃത്യമായ ഉയരം നിര്‍ണയിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2015ലെ അതിശക്തമായ ഭൂകമ്പം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ എവറസ്റ്റിന്റെ ഉയരത്തെ ബാധിച്ചിട്ടുണ്ടാവാം എന്ന നിഗമനത്തെ തുടര്‍ന്നായിരുന്നു ഇത്.