ഡല്‍ഹിയില്‍ ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ദഹിപ്പിച്ച സംഭവം; പോലിസ് തെളിവ് നശിപ്പിച്ചതായി ബന്ധുക്കള്‍
ന്യൂഡല്‍ഹി: ഡല്‍ഹി പുരാനി നങ്കലില്‍ ഒന്‍പതു വയസ്സുള്ള ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് മൃതദേഹം ബലമായി ദഹിപ്പിച്ച സംഭവത്തില്‍ പോലിസ് തെളിവ് നശിപ്പിച്ചെന്ന് കുടുംബം. കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരമാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുരാനി നംഗലില്‍ നടന്നത്. ശ്മശാനത്തിലെ കൂളറില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയ ഒമ്പതു വയസ്സുകാരിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ പ്രതികളായ ശ്മശാനത്തിലെ പൂജാരിയേയും നാല് പേരെയും പോലിസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, പ്രതികളെ സംരക്ഷിക്കാനാണ് പോലിസ് ശ്രമിക്കുന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നതിങ്ങനെ. വെള്ളമെടുക്കാന്‍ പോയ കുട്ടി തിരികെ വന്നില്ല. കുട്ടി മരിച്ചു എന്ന വിവരവുമായി പിന്നാലെ ശ്മശാനത്തിലെ പൂജാരിയെത്തി. അമ്മയെ ശ്മശാനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുട്ടി ഷോക്കേറ്റ് മരിച്ചെന്നും എത്രയും വേഗം മൃതദേഹം സംസ്‌കരിക്കണമെന്നും പൂജാരിയും കൂട്ടാളികളും തിരക്ക് കൂട്ടി. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റിരുന്നു, പോലിസിനെ വിവരമറിയിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടെങ്കിലും പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടി വരുമെന്നും കുട്ടിയുടെ അവയവങ്ങള്‍ മോഷ്ടിക്കപ്പെടുമെന്ന് പൂജാരി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ചിതയില്‍ കത്തിക്കൊണ്ടിരുന്ന മറ്റൊരു മൃതദേഹത്തിനൊപ്പമിട്ട് കത്തിക്കുകയായിരുന്നു.
വിവരമറിഞ്ഞ് നാട്ടുകാര്‍ ശ്മശാനത്തിലേക്ക് എത്തുമ്പോഴേക്കും കാലുകളൊഴികെ കുട്ടിയുടെ മൃതദേഹം ഏതാണ്ട് പൂര്‍ണമായി കത്തിയിരുന്നു. അടുത്ത ദിവസം പരാതി നല്‍കാനായി പോലിസ് സ്‌റ്റേഷനിലെത്തിയ കുട്ടിയുടെ അച്ഛനേയും അമ്മയേയും പോലിസ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് ആരോപണം.
സംഭവം വിവാദമായതോടെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെ എത്തി പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് പൂജാരിയേയും നാല് പേരെയും അറസ്റ്റ് ചെയ്യാന്‍ പോലും പോലിസ് തയ്യാറായത്. സംഭവത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ ഡല്‍ഹി പോലിസിന് നോട്ടിസ് നല്‍കി.