90 ശതമാനം മത്സ്യ തൊഴിലാളികളും കേന്ദ്ര പദ്ധതിയുടെ പരിരക്ഷയ്ക്ക് പുറത്ത്
20,500 കോടി രൂപ 5 വര്‍ഷം കൊണ്ട് ചിലവാക്കുമെന്നു പ്രഖ്യാപിച്ച പദ്ധതി, ഒരു വര്‍ഷം ചെലവാക്കിയത് 14 കോടി ആണെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരത്തില്‍ നിന്നും വ്യക്തമാകുന്നത്.
ന്യൂഡല്‍ഹി: രണ്ടു കോടിയോളം വരുന്ന മത്സ്യത്തൊഴിലാളികളില്‍ 90 ശതമാനവും ഇന്‍ഷൂറന്‍സ് പരിരക്ഷയ്ക്ക് പുറത്താണ് എന്നു വ്യക്തമാക്കി കേന്ദ്രം. പിഎംഎംഎസ്‌വൈ പ്രകാരം 22,14,893 ഗുണഭോക്താക്കള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നതിന് കേവലം 14.68 കോടി രൂപയാണ് അനുവദിച്ചതെന്ന് മൃഗ പരിപാലന ഫിഷറീസ് വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല പാര്‍ലമെന്റില്‍ അറിയിച്ചു. ഡോ വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
'ബ്ലൂ റെവല്യൂഷന്‍ സംയോജിത വികസനവും ഫിഷറീസ് മാനേജ്‌മെന്റും' എന്നപേരിലുള്ള സ്‌കീം 'പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന 'എന്ന് പേര് മാറ്റുക മാത്രമാണ് ഇപ്പൊള്‍ ചെയ്തത്.
ഈ സ്‌കീം വഴി ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ടി ചിലവാക്കിയ തുക എത്രയെന്നു മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. 20,500 കോടി രൂപ 5 വര്‍ഷം കൊണ്ട് ചിലവാക്കുമെന്നു പ്രഖ്യാപിച്ച പദ്ധതി, ഒരു വര്‍ഷം ചെലവാക്കിയത് 14 കോടി ആണെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരത്തില്‍ നിന്നും വ്യക്തമാകുന്നത്. വമ്പന്‍ തുകയ്ക്കുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് തലക്കെട്ട് സൃഷ്ടിക്കുന്നതിനപ്പുറം മറ്റൊന്നും നടക്കുന്നില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്.