ഇന്ത്യയിലെ 99 ശതമാനം മുസ് ലിംകളും മതംമാറിയവരാണെന്നു ബാബാ രാംദേവ്

കത്തോലിക്കര്‍ക്ക് വത്തിക്കാന്‍ പോലെ, മുസ് ലിംകള്‍ക്ക് മക്ക പോലെ, സിഖുകാര്‍ക്ക് സുവര്‍ണക്ഷേത്രം പോലെ തന്നെയാണ് ഹിന്ദുക്കള്‍ക്ക് അയോധ്യ

Update: 2019-11-16 14:08 GMT

ന്യൂഡല്‍ഹി: ഹിന്ദുക്കള്‍ മാത്രമല്ല, മുസ് ലിംകളും ശ്രീരാമനെ ആരാധിക്കാറുണ്ടെന്നും ഇന്ത്യയിലെ 99 ശതമാനം മുസ് ലിംകളും മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്നാണ് വിശ്വസിക്കുന്നതെന്നും യോഗ ഗുരു ബാബാ രാംദേവ്. ബാബരി കേസിലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ 'ഇന്ത്യ ടുഡേ'യ്ക്കു നല്‍കിയ പ്രത്യേകഅഭിമുഖത്തിലാണ് രാംദേവിന്റെ പരാമര്‍ശം. 'രാജ്യത്തിന്റെ ഐക്യത്തിന്റെ ഭാഗമായാണ് സുപ്രിംകോടതി വിധിയെ കാണുന്നത്. രാമക്ഷേത്രം ലോകത്തെ ഏറ്റവും മനോഹരമായ ക്ഷേത്രമായി നിര്‍മിക്കണം. അതാണ് ഇന്ത്യയിലെ ഹിന്ദുക്കളുടെ സ്വപ്നം. നമ്മുടെ സാസ്‌കാരിക പരാമ്പര്യം അതില്‍ പ്രതിഫലിക്കണം. കത്തോലിക്കര്‍ക്ക് വത്തിക്കാന്‍ പോലെ, മുസ് ലിംകള്‍ക്ക് മക്ക പോലെ, സിഖുകാര്‍ക്ക് സുവര്‍ണക്ഷേത്രം പോലെ തന്നെയാണ് ഹിന്ദുക്കള്‍ക്ക് അയോധ്യ.

    രാമക്ഷേത്രം നിര്‍മാണത്തിന് മുസ് ലിംകളും പള്ളി നിര്‍മാണത്തിന് ഹിന്ദുക്കളും പരസ്പരം സഹായിക്കണം. വിധി വന്നാല്‍ പ്രശ്‌നമുണ്ടാവുമെന്ന് ചിലര്‍ തെറ്റായ പ്രചാരണം നടത്തി. എന്നാല്‍ ഇപ്പോള്‍ സ്ഥിതി നോക്കൂ. ക്രമസമാധാനപാലനം സുഗമമായി നടക്കുന്നുണ്ട്. വിധി വന്നശേഷം ആരും ഒരു കല്ല് പോലും എറിഞ്ഞിട്ടില്ല. ഇന്ത്യ ഏറെ മുന്നോട്ട് പോയെന്നാണ് ഇത് തെളിയിക്കുന്നതെന്നും ബാബാ രാംദേവ് പറഞ്ഞു. വിധിക്കു ശേഷം രാജ്യത്തെയും പ്രധാനമായും അയോധ്യയിലെയും ക്രമസമാധാനം സുഗമമാക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത്ഷായേയും രാംദേവ് പ്രശംസിച്ചു.



Tags:    

Similar News