വയനാട്ടില്‍ മൂന്ന് സ്വകാര്യാശുപത്രികളെ ജില്ലാ ആശുപത്രിയുടെ സാറ്റലൈറ്റ് കേന്ദ്രമാക്കി

മാനന്തവാടി വിന്‍സന്റ്ഗിരി, ജ്യോതി, സെന്റ് ജോസഫ് സ്വകാര്യ ആശുപത്രികളിലാണ് ജില്ലാ ആശുപത്രിയില്‍ ലഭിക്കുന്ന സേവനങ്ങള്‍ ഇനി മുതല്‍ ലഭിക്കുക. വിന്‍സന്റ്ഗിരി ആശുപത്രിയില്‍ ജനറല്‍ ഒപിയും 24 മണിക്കൂര്‍ അത്യാഹിത വിഭാഗവും പ്രവര്‍ത്തിക്കും.

Update: 2020-03-29 14:10 GMT

പി സി അബ്ദുല്ല

കല്‍പറ്റ: മാനന്തവാടി ജില്ലാ ആശുപത്രി കൊവിഡ് ചികില്‍സയ്ക്കു മാത്രമായി മാറ്റിയ സാഹചര്യത്തില്‍ ജില്ലയിലെ മൂന്ന് സ്വകാര്യാശുപത്രികളടക്കം അഞ്ച് ആശുപത്രികള്‍ ജില്ലാ ആശുപത്രിയുടെ സാറ്റലൈറ്റ് കേന്ദ്രങ്ങളാക്കി മാറ്റി. പാവപ്പെട്ട രോഗികള്‍ക്ക് പൊതുചികില്‍സ മുടങ്ങാതിരിക്കാനായി സമഗ്രമായ പരിഷ്‌കാരമാണ് കലക്ടര്‍ ഡോ.അദീല അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ചത്. മാനന്തവാടി വിന്‍സന്റ്ഗിരി, ജ്യോതി, സെന്റ് ജോസഫ് സ്വകാര്യ ആശുപത്രികളിലാണ് ജില്ലാ ആശുപത്രിയില്‍ ലഭിക്കുന്ന സേവനങ്ങള്‍ ഇനി മുതല്‍ ലഭിക്കുക. വിന്‍സന്റ്ഗിരി ആശുപത്രിയില്‍ ജനറല്‍ ഒപിയും 24 മണിക്കൂര്‍ അത്യാഹിത വിഭാഗവും പ്രവര്‍ത്തിക്കും.

സെന്റ് ജോസഫ് ആശുപത്രിയില്‍ ജനറല്‍ സര്‍ജറിയും ജനറല്‍ മെഡിസിന്‍ വിഭാഗവും പ്രവര്‍ത്തിക്കും. പൊരുന്നന്നൂര്‍, പനമരം സിഎച്ച്‌സികളില്‍ 24 മണിക്കൂര്‍ അത്യാഹിത വിഭാഗം സജ്ജീകരിച്ചു. ജ്യോതി ആശുപത്രിയില്‍ ഗൈനക്കേളജി ഒപി സംവിധാനമുണ്ടാവും. കൊറോണ ചികില്‍സാ കേന്ദ്രമാക്കി മാറ്റിയ ജില്ലാ ആശുപത്രിയില്‍ മറ്റ് രോഗചികില്‍സ മുടങ്ങിയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. വയനാട്ടില്‍ ഇന്ന് 1,278 ആളുകള്‍കൂടി നിരീക്ഷണത്തിലായതോടെ ആകെ നിരീക്ഷണത്തിലുള്ളവര്‍ 6,748 പേരായി. ഇതില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ഒരാള്‍ ഉള്‍പ്പെടെ എട്ടുപേര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് കഴിയുന്നതെന്ന് ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല പറഞ്ഞു.

ജില്ലയില്‍നിന്നും ഇന്നലെ സാംപിളുകള്‍ ഒന്നുംതന്നെ പരിശോധനയ്ക്കായി അയച്ചിട്ടില്ല. ഇതുവരെ അയച്ച 67 സാമ്പിളുകളില്‍ 52 എണ്ണത്തിന്റെ ഫലം ലഭിച്ചതില്‍ 51 എണ്ണവും നെഗറ്റീവും ഒന്ന് പോസിറ്റീവുമാണ്. 15 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 579 വാഹനങ്ങളിലായെത്തിയ 850 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കുംതന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. അതേസമയം, മുത്തങ്ങ വഴി കര്‍ണാടകയിലേക്ക് 65 ചരക്ക് വാഹനങ്ങളും കേരളത്തിലേക്ക് 30 വാഹനങ്ങളും ഇന്ന് വിട്ടതായി കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ കൊവിഡ് കെയര്‍ സെന്ററുകള്‍ക്കായി 135 സ്ഥാപനങ്ങളുടെ 1960 മുറികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി കടന്നെത്തിയവരും നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളതുമായ ആളുകളെ താമസിപ്പിക്കുന്നതിനായി 135 സ്ഥാപനങ്ങള്‍ ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ജില്ലയില്‍ പോലിസിന്റെ ഡ്രോണ്‍ സംവിധാനം ആരംഭിച്ചു. പൊലിസിന്റെ സാന്നിധ്യമില്ലെങ്കിലും പുറത്തിറങ്ങുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്ത് നടപടി സ്വീകരിക്കാനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഡ്രോണില്‍ പതിയുന്ന ദൃശ്യങ്ങളില്‍നിന്ന് ആളുകളെ കണ്ടെത്തി മറ്റ് നിയമനടപടികളിലേക്കും പോലിസ് നീങ്ങും. കമ്മ്യൂണിറ്റി കിച്ചന്‍ വഴി വയനാട്ടില്‍ 2,866 പേര്‍ക്ക് സൗജന്യഭക്ഷണം നല്‍കി. കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഇന്നലെ 2,866 പേര്‍ക്ക് സൗജന്യഭക്ഷണം നല്‍കി. 193 പേര്‍ക്ക് ഭക്ഷണം വീടുകളിലെത്തിച്ചു. ഉച്ചഭക്ഷണം സൗജന്യമായി കഴിച്ചവര്‍ക്ക് രാവിലെയും രാത്രിയും സൗജന്യഭക്ഷണം നല്‍കിയതായി കലക്ടര്‍ അറിയിച്ചു. 

Tags:    

Similar News