യുവതിയെ കാര്‍ കയറ്റി കൊന്ന കേസ്; പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

Update: 2024-09-20 08:18 GMT

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊന്ന കേസില്‍ പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ അജ്മലിനെയും ശ്രീക്കുട്ടിയെയുമാണ് രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് കസ്റ്റഡി കാലാവധി അവസാനിക്കും. മൂന്ന് ദിവസം പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. മൂന്ന് ദിവസം നല്‍കാന്‍ പാടില്ലെന്നും രണ്ട് മണിക്കൂര്‍ കസ്റ്റഡിയില്‍ നല്‍കണമെന്നും ശ്രീക്കുട്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഡോക്ടര്‍ എന്ന് പറയുന്ന പരിഗണന ശ്രീക്കുട്ടി അര്‍ഹിക്കുന്നില്ലെന്നും ലഹരിയുടെ ഉറവിടം കണ്ടെത്താന്‍ ഡോക്ടറിനെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. ശ്രീക്കുട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് കാര്‍ അജ്മല്‍ മുന്നോട്ട് എടുത്തതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

പ്രതികള്‍ ലഹരിയ്ക്ക് അടിമയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. ചോദ്യം ചെയ്യുമ്പോള്‍ പ്രതികളുടെ മൊഴികള്‍ പരസ്പര വിരുദ്ധമായിരുന്നുവെന്നും മെഡിക്കല്‍ പരിശോധനയില്‍ എംഡിഎംഎ ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ചോദ്യം ചെയ്യുമ്പോള്‍ പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മരിച്ച കുഞ്ഞുമോളുമായി പ്രതികള്‍ക്ക് മുന്‍വൈരാഗ്യം ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.നേരത്തെ ശ്രീക്കുട്ടി ലഹരി ഉപയോഗിക്കാറുണ്ടെന്ന് ശ്രീക്കുട്ടിയുടെ ഭര്‍ത്താവ് അഭീഷ് പറഞ്ഞിരുന്നു. എന്നാല്‍ ശ്രീക്കുട്ടിയുടെ മാതാവ് സുരഭി ഈ ആരോപണങ്ങല്‍ നിഷേധിച്ചിരുന്നു.തിരുവോണ ദിവസമാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്ത കുഞ്ഞുമോളെ ഇടിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു.




Tags:    

Similar News