മരം കയറ്റിയ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് നാലു മരണം
ലോറിയുടെ ഡ്രൈവര്‍ അടക്കമുള്ളവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. ലോറിയുടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം
കാസര്‍കോട്: മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു. ജില്ലയുടെ കിഴക്കന്‍ മേഖലയായ പാണത്തൂരിനടുത്ത് പരിയാരത്തുണ്ടായ വാഹനാപകടത്തിലാണ് നാലുപേര്‍ മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കെ ബാബു, രംഗപ്പു, എം കെ മോഹനന്‍, നാരായണന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ രാജപുരം, പാണത്തൂര്‍, കുണ്ടുപ്പള്ളി സ്വദേശികളാണ്. അപകടത്തില്‍ ലോറി തലകീഴായാണ് മറിഞ്ഞത്. ലോറിയുടെ ഡ്രൈവര്‍ അടക്കമുള്ളവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. അപകട സമയത്ത് ലോറിയില്‍ ഒന്‍പത് പേര്‍ ഉണ്ടായിരുന്നു. ലോറിയുടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. രാജപുരം കല്ലപ്പള്ളിയില്‍ നിന്നും പാണത്തൂരിലേക്ക് പോവുകയായിരുന്നു ലോറി. രാജപുരം പോലിസും നാട്ടുകാരും കുറ്റിക്കോലില്‍ നിന്നെത്തിയ അഗ്‌നി-രക്ഷാ സേനയും ചേര്‍ന്നാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്.