'ഒരു പുതിയ തീവ്രവാദ പ്രവര്‍ത്തനം തുടക്കമിടുകയായിരുന്നു. കള്ള് ജിഹാദ്'; നാര്‍ക്കോട്ടിക് ജിഹാദ് കാലത്ത് ചര്‍ച്ചയായി ഒരു ഹ്രസ്വചിത്രം
'സീന്‍ രണ്ട്, മലപ്പുറം ഒരു ഗ്രാമത്തിലെ കള്ള് ഷാപ്പ്. മൊയ്തൂസ് കള്ള് ഷാപ്പ്. ഈ കാണുന്ന കള്ള് ഷാപ്പാണ് ഇവിടുത്തെ തീവ്രവാദ കേന്ദ്രം'......അങ്ങനെ, കള്ള് കുടിച്ച് ബോധം കെട്ട് കിടക്കുന്നവരെ, അവര് പോലും അറിയാതെ മൊയ്തു മതപരിവര്‍ത്തനം നടത്തും. കേരളത്തില്‍ ഒരു പുതിയ തീവ്രവാദ പ്രവര്‍ത്തനം തുടക്കമിടുകയായിരുന്നു. കള്ള് ജിഹാദ്'. അല്‍ മൊയ്തു എന്ന ഹ്രസ്വചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ വാക്കുകളാണിത്. കള്ള് കുടിച്ച് ബോധം കെട്ട് കിടക്കുന്നവര്‍ക്ക് പൊന്നാനിയില്‍ നിന്ന് കൊണ്ട് വന്ന തൊപ്പി മാമുക്കോയ് ധരിപ്പിച്ച് കൊടുക്കുന്നതും സ്‌ക്രീനില്‍ കാണാം. നാര്‍ക്കോട്ടിക് ജിഹാദ് വിവാദമായ സാഹചര്യത്തില്‍ അഷ്‌കര്‍-റമീസ് സംവിധാനം ചെയ്ത അല്‍-മൊയ്തു വീണ്ടും ചര്‍ച്ചയാവുകയാണ്.
'ലവ് ജിഹാദ്' കേരളത്തിലെ മാധ്യമങ്ങളും പൊതുബോധവും ഗൗരവത്തോടെ ചര്‍ച്ചക്കെടുത്തതിനെ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിച്ച ഹ്രസ്വചിത്രമാണ് 'അല്‍-മൊയ്തു'. കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണം വിവാദമായതോടെ 2014ല്‍ 'അല്‍-മൊയ്തു' പറഞ്ഞ് വച്ചത് സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
മതം മാറ്റത്തിനായി കേരളത്തില്‍ നടക്കുന്ന 'കള്ള് ജിഹാദിന്റെ' കഥയാണ് അല്‍ മൊയ്തു പറയുന്നത്. വീര്യമുള്ള കള്ളു നല്‍കി ആളുകളെ മയക്കിക്കിടത്തി തലയില്‍ പൊന്നാനിത്തൊപ്പി കമിഴ്ത്തിയാണ് കേന്ദ്രകഥാപാത്രമായ മൊയ്തു മതംമാറ്റം നടത്തുന്നത്. കള്ള് ഹറാമായ ഒരു സമുദായത്തെ കുറിച്ചുള്ള ഇത്തരം സൃഷ്ടികള്‍ ആളുകള്‍ വിശ്വസിക്കുമോ എന്ന ചോദ്യത്തിന് 'ലവ് ജിഹാദ്' വിശ്വസിച്ച കിഴങ്ങന്മാര് ഇതും ഏറ്റെടുക്കും എന്നാണ് കഥാപാത്രം ഉത്തരം നല്‍കുന്നത്. 'പിന്നേ.. പെണ്ണുങ്ങളെ വളച്ച് മതംമാറ്റലും അവരെ കൊണ്ടുപോയി വേശ്യാലയത്തില്‍ വില്‍ക്കുന്നതുമൊക്കെ മുസ്‌ലിംകള്‍ക്ക് പുണ്യകര്‍മമായതു കൊണ്ടാ 'ലവ് ജിഹാദ്' ഇവിടെയൊക്കെ എല്ലാവരും വിശ്വസിച്ചത്. 'ലവ് ജിഹാദി'ന്റെ അത്ര പൊരുത്തക്കേടൊന്നും ഇതിലില്ലല്ലോ. 'ലവ് ജിഹാദ്' വിശ്വസിച്ച കിഴങ്ങന്മാര് ഇതും വിശ്വസിക്കും.'
ലവ് ജിഹാദിനെ ചോദ്യം ചെയ്യുന്നതിനൊപ്പം നുണകള്‍ വില്‍പ്പന നടത്തുന്ന മാധ്യമ സെന്‍സേഷണലിസത്തെ അല്‍-മൊയ്തു കണക്കറ്റ് പരിഹസിക്കുകയും ചെയ്യുന്നു. ഈ വാര്‍ത്ത കൊടുത്താല്‍ നമ്മുടെ പത്രം മുസ് ലിം വിരുദ്ധമാവില്ലെ എന്ന സംശയിക്കുന്ന പത്ര ഉടമയോട്, അതിന് പരിഹാരവും നിര്‍ദേശിക്കുന്നുണ്ട് 'അല്‍-മൊയ്തു'വിലെ കഥാപാത്രം. 'വര്‍ഷത്തില്‍ 364 ദിവസവും ഇമ്മാതിരി വാര്‍ത്തകള്‍ കൊടുത്തിട്ട് 365ാമത്തെ ദിവസം നമ്മള് തങ്ങളെ വീട്ടിലെ ഏതെങ്കിലും കുട്ടിയുടെ സുന്നത്ത് കല്യാണത്തിന്റെ ചടങ്ങിന് ഫുള്‍ കവറേജ് വാര്‍ത്ത കൊടുക്കുന്നു, വിത്ത് കളര്‍ ഫോട്ടോ. മലപ്പുറം എഡിഷനില്‍ മാത്രം മതി. അപ്പോ അവര് വിചാരിക്കും, ഇത് അവരുടെയും കൂടെ പത്രമാണെന്ന്. നമ്മള് സേഫ്.' ഇങ്ങനെ പോകുന്നു പരിഹാസം.
ഏതെങ്കിലും കേന്ദ്രത്തില്‍ നിന്ന് പടച്ചുവിടുന്ന നുണബോംബുകള്‍ സമൂഹത്തെ സ്‌ഫോടനാത്മകമായി സ്വാധീനിക്കുന്നത് എങ്ങനെ എന്ന് അടയാളപ്പെടുന്ന ചിത്രമാണ് 2014ല്‍ പുറത്തിറങ്ങിയ 'അല്‍ മൊയ്തു'. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയും കള്ള് ജിഹാദ് കഥയും തമ്മില്‍ സാമ്യങ്ങളേറെയുണ്ട്. 'തീവ്രവാദത്തിന്റെ ആസ്ഥാനമായും കള്ളപ്പണക്കാരുടെയും കുഴല്‍പ്പണക്കാരുടെയും ഭീകരാവാദികളെയും നാടായും' മലപ്പുറം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മലപ്പുറം ജില്ലയ്‌ക്കെതിരെ സമീപകാലത്തു നടന്ന കുപ്രചാരണങ്ങളെയാണ് ചിത്രം വിമര്‍ശിക്കുന്നത്.
സകീന്‍ ഓണ്‍ലൈന്‍ ചാനലും ഫേസ്ബുക്ക് കൂട്ടായ്മയായ റൈറ്റ് തിങ്കേഴ്‌സും ചേര്‍ന്നാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. റമീസ് മുഹമ്മദ് തിരക്കഥയും അഷ്‌കര്‍, റമീസ് എന്നിവര്‍ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. മാമുക്കോയ, ശശി കലിംഗ, നിര്‍മല്‍ പാലാഴി, ശാഫി കൊല്ലം എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ഇതുവരെ മൂന്നു ലക്ഷത്തിലധികം പേര്‍ ചിത്രം യൂട്യൂബില്‍ കണ്ടിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലും വാട്‌സ് ആപ്പ് ഷെയറുകളായും നിരവധി പേര്‍ അല്‍-മൊയ്തു കണ്ടു. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്
ജിഹാദ് വിവാദമായതോടെ നിരവധി പേരാണ് 'അല്‍-മൊയ്തു' ഷെയര്‍ ചെയ്യുന്നത്.