പോപുലര്‍ ഫ്രണ്ട് നേതാവിന്റെ കൊലപാതകം മനുഷ്യത്വമില്ലാത്തവരുടെ ക്രൂരകൃത്യം: എ പ്രഭാകരന്‍ എംഎല്‍എ

Update: 2022-04-15 10:35 GMT

പാലക്കാട്: പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകം മനുഷ്യത്വമില്ലാത്തവരുടെ ക്രൂരകൃത്യമാണെന്ന് മലമ്പുഴ എംഎല്‍എ എ പ്രഭാകരന്‍. കൊലപാതകം തൊഴിലായി സ്വീകരിച്ച ചിലര്‍ നാട്ടില്‍ വിലസുകയാണെന്നും എ പ്രഭാകരന്‍ എംഎല്‍എ പ്രതികരിച്ചു.

ചായകട നടത്തുന്ന പാവപ്പെട്ട ഒരാള്‍ പള്ളിയില്‍ നമസ്‌കാരം കഴിഞ്ഞുവരികയാണ്. അയാളെ വെട്ടിനുറുക്കുകയെന്ന രീതിയിലേക്ക് നാട്ടിലെ ഒരു ക്രിമിനല്‍ സംഘം മാറുകയാണ്. കൊലപാതകം തൊഴിലായി സ്വീകരിച്ച ഒരു കൂട്ടര്‍ അങ്ങോട്ടു ഇങ്ങോട്ടും ചെയ്യുന്നത് സമൂഹത്തിലെ സമാധാന ജീവിതം തല്ലിക്കെടുത്തുന്നതാണ്. ഇത് മൃഗങ്ങള്‍ പോലും ചെയ്യാന്‍ മടിക്കുന്നവരാണെന്നും എ പ്രഭാകരന്‍ പറഞ്ഞു.

നാട്ടിലെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

'വിഷു ദിവസത്തില്‍ ഇങ്ങിനെയൊരു അക്രമം നടന്നതിനെ ശക്തമായി അപലപിക്കുന്നു. അക്രമം വ്യാപിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കാന്‍ പോലിസിനോട് ആവശ്യപ്പെടും. പച്ചമനുഷ്യനെ വെട്ടിക്കൊലപ്പെടുത്തിയത് എന്ത് രാഷ്ട്രീയമാണ്?. പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് അറിഞ്ഞത്. അക്രമികള്‍ തേടുന്നയാളെ കിട്ടാതാവുമ്പോള്‍ കിട്ടുന്നവനെ കൊലപ്പെടുത്തുന്ന രീതിയാണ്. വളരെയേറെ മോശമാണ് ഇത്തരം അക്രമങ്ങളെന്നും സിപിഎം സംസ്ഥാന നേതാവ് കൂടിയായ എ പ്രഭാകരന്‍ വിമര്‍ശിച്ചു.

പാലക്കാട് എലപ്പുള്ളിയിലാണ് സംഭവം. കുത്തിയതോട് സ്വദേശി സുബൈറാണ് കൊല്ലപ്പെട്ടത്. 44 വയസായിരുന്നു. രണ്ടാ കാറുകളിലായി എത്തിയ സംഘമാണ് സുബൈറിനെ കൊലപ്പെടുത്തിയത്. സുബൈറിനെ ഇടിച്ചിട്ട കാറിന്റെ നമ്പര്‍ നേരത്തെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് ക്രൂരകൃത്യം നടന്നത്. രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം. പോലിസ് അന്വേഷണം ആരംഭിച്ചു.

പള്ളിയില്‍ നിന്ന് നിസ്‌കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുബൈറിന്റെ പിതാവിന് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. നിരവധി തവണ സുബൈറിനെ വെട്ടിയതായാണ് വിവരം. സുബൈറിന്റെ ശരീരത്തില്‍ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags:    

Similar News