മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ തയ്യാര്‍; സ്വകാര്യ കമ്പനി സുപ്രിംകോടതിയില്‍
30 ദിവസം കൊണ്ട് കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റും. ഇതിന് 30 കോടി രൂപ ചെലവ് വരും. മലീനികരണം ഉണ്ടാകില്ലെന്നും കമ്പനി ഹര്‍ജിയില്‍ വ്യക്തമാക്കി.
കൊച്ചി: മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ സന്നദ്ധത അറിയിച്ച് ബെംഗളൂരു കമ്പനി സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. അക്വുറേറ്റ് ഡിമോളിഷേഴ്‌സ് എന്ന കമ്പനിയാണ് സുപ്രിം കോടതിയില്‍ ഇതു സംബന്ധിച്ച് ഹര്‍ജി നല്‍കിയത്. 30 ദിവസം കൊണ്ട് കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റും. ഇതിന് 30 കോടി രൂപ ചെലവ് വരും. മലീനികരണം ഉണ്ടാകില്ലെന്നും കമ്പനി ഹര്‍ജിയില്‍ വ്യക്തമാക്കി.
കോടതി അനുവദിച്ചാല്‍ ഒരാഴ്ചയ്ക്കകം നടപടി തുടങ്ങും. ടെണ്ടര്‍ വിളിച്ചെങ്കിലും സര്‍ക്കാര്‍ നടപടികളില്‍ പുരോഗതിയില്ലെന്നും കമ്പനി ഹര്‍ജിയില്‍ പറഞ്ഞു. അതിനിടെ ഫ്‌ലാറ്റ് വിഷയത്തില്‍ സുപ്രീം കോടതി 23ന് കേസ് പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാകുന്നതില്‍ വ്യക്തതയായില്ല.
ഫ്‌ലാറ്റ് പൊളിക്കുന്നതിന് അനുകൂലമായി ഹാജരാകാമെന്നാണ് തുഷാര്‍ മേത്തയുടെ നിലപാട്. ഈ സാഹചര്യത്തില്‍ സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ആര്‍ വെങ്കിട്ട രമണി സര്‍ക്കാരിന് വേണ്ടി ഹാജരാവുമെന്നാണ് റിപോര്‍ട്ട്. ഈ മാസം 20നകം ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കാനാണ് സുപ്രിം കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയത്.