കര്‍ഷകന്റെ മരണം: സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലിസ് (വീഡിയോ)

യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് കര്‍ഷക സംഘടനകളും പോലിസും ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നോട്ട് പോവുന്നതിനിടെയാണ് പോലിസ് അപകട ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

Update: 2021-01-27 03:28 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിവരുന്ന കര്‍ഷകര്‍ നടത്തിയ ട്രാക്റ്റര്‍ റാലിക്കിടെ ഡല്‍ഹി ഐടിഒയില്‍ ഒരു കര്‍ഷകന്‍ മരിച്ചതുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുന്നതിനിടെ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലിസ്.

യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് കര്‍ഷക സംഘടനകളും പോലിസും ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നോട്ട് പോവുന്നതിനിടെയാണ് പോലിസ് അപകട ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അടുത്തിടെ വിവാഹിതനായ ഉത്തരാഖണ്ഡ് ബജ്പുര്‍ സ്വദേശി നവ്ദീപ് സിങ്ങ്(26) ആണ് മരിച്ചത്.

കര്‍ഷകനെ പോലിസ് വെടിവച്ച് കൊല്ലുകയായിരുന്നുവെന്നാണ് കര്‍ഷക നേതാക്കള്‍ ആരോപിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് പോലിസ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ബാരിക്കേഡ് നിരത്തിവച്ച റോഡിലേക്ക് ട്രാക്റ്റര്‍ വരുന്നതും ബാരിക്കേഡില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ട്രാക്ടര്‍ ബാരിക്കേഡില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം എന്നാണ് ഈ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി പോലിസ് വാദിക്കുന്നത്. എന്നാല്‍ പോലിസിന്റെ വെടിയേറ്റതോടെ നവ്ദീപ് ഓടിച്ച ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബാരിക്കേഡില്‍ ഇടിച്ചു മറിയുകയുമായിരുന്നുവെന്ന് കര്‍ഷകര്‍ വാദിക്കുന്നത്. നവ്ദീപിന്റെ മൃതദേഹവുമായി സമരക്കാര്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു പിന്നീട് മൃതദേഹം സമര കേന്ദ്രത്തിലേക്ക് മാറ്റി.

 

Tags:    

Similar News