ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപത്തുണ്ടായ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം. തിരക്കേറിയ സ്ഥലങ്ങളില്‍ പോവരുതെന്ന് എംബസി വക്താവ് ഗയ് നീര്‍ നിര്‍ദേശം നല്‍കി. സംഭവത്തെ ഭീകരാക്രമണമെന്ന് വിശേഷിച്ച ഇസ്രായേല്‍ നാഷനല്‍ കൗണ്‍സില്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. റെസ്റ്റോറന്റുകളും ഹോട്ടലുകളും പബുകളും ഉള്‍പ്പടെയുള്ള പൊതുസ്ഥലങ്ങളിലും അതീവജാഗ്രത പാലിക്കണം. ഇസ്രായേല്‍ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കരുത്. സുരക്ഷിതമല്ലാത്ത പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണം. സാമൂഹികമാധ്യമങ്ങളില്‍ ചിത്രങ്ങളും മറ്റുവിവരങ്ങളും പങ്കുവയ്ക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ചൊവ്വാഴ്ച വൈകീട്ട് 5.48ഓടെയാണ് എംബസിക്ക് സമീപം പൊട്ടിത്തെറിയുണ്ടായതെന്നാണ് റിപോര്‍ട്ട്. സമീപസ്ഥലത്തുനിന്ന് ഇസ്രായേല്‍ അംബാസഡര്‍ക്ക് എന്നറിയിച്ചുകൊണ്ടുള്ള ഒരു കത്ത് ലഭിച്ചതായും പോലിസ് അറിയിച്ചു.