നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഭൂമിയിലേക്ക്; ആശങ്കയോടെ ലോകം

Update: 2021-05-07 02:51 GMT

വാഷിങ്ടണ്‍: ഭ്രമണപഥത്തിലെത്തിച്ച ശേഷം തിരിച്ചിറക്കത്തിനിടെ നിയന്ത്രണം വിട്ട റോക്കറ്റ് ഭൂമിയില്‍ പതിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ചൈനയുടെ ലോങ് മാര്‍ച്ച് 5ബി എന്ന റോക്കറ്റിന്റെ ഭാഗങ്ങള്‍ പതിക്കുമോയെന്നാണ് ലോകത്തിന്റെ പുതിയ ആശങ്ക. ചൈനയുടെ സ്വപ്നപദ്ധതിയായ ലാര്‍ജ് മോഡ്യുലര്‍ സ്‌പേസ് സ്റ്റേഷന്റെ പ്രധാനഭാഗമായ ടിയാന്‍ഹെ മൊഡ്യൂള്‍ ഏപ്രില്‍ 29 നു ഭ്രമണപഥത്തിലെത്തിച്ച ശേഷം തിരിച്ചിറക്കുന്നതിനിടെയാണ് റോക്കറ്റിനു നിയന്ത്രണം വിട്ടത്.

    റോക്കറ്റിന്റെ ഏതാനും ഭാഗങ്ങള്‍ ഭൂമിയില്‍ പതിച്ചേക്കാമെന്നാണ് ബഹിരാകാശ വിദഗ്ധര്‍ പറയുന്നത്. അതേസമയം, അന്തരീക്ഷത്തിലെ യാത്രയില്‍ റോക്കറ്റ് കത്തിനശിക്കുമെന്നും ഭീഷണിയില്ലെന്നുമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്രമായ ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കി. ഇതിനെ പൂര്‍ണമായി വിശ്വാസത്തിലെടുക്കാനാവില്ലെന്നാണ് ബഹിരാകാശ വിദഗ്ധരുടെ മുന്നറിയിപ്പ്. റോക്കറ്റിന്റെ വലിയൊരു ഭാഗമാണ് ഭൗമാന്തരീക്ഷത്തിലേക്കു പതിക്കാന്‍ പോവുന്നതെന്ന് ശാസ്ത്ര ഗവേഷകന്‍ ഡോ. എ രാജഗോപാല്‍ കമ്മത്ത് ചൂണ്ടിക്കാട്ടി. ഓരോ ഒന്നര മണിക്കൂറിലും ഭൂമിക്കു ചുറ്റും ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്നുണ്ട്. ഇതിന്റെ കുറച്ചു ഭാഗം അന്തരീക്ഷവുമായുള്ള ഘര്‍ഷണത്തില്‍ അലിഞ്ഞില്ലാതാവും. ബാക്കി ഭാഗം ചിതറിപ്പതിക്കാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. മണിക്കൂറില്‍ 27,600 കിലോമീറ്റര്‍ വേഗത്തില്‍ 300 കിലോമീറ്റര്‍ ഉയരത്തില്‍ ചലിച്ചിരുന്ന റോക്കറ്റ് ഭാഗം ഇപ്പോള്‍ 80 കിലോ മീറ്റര്‍ ഉയരത്തിലാണ്. ഭൂമിയിലേക്കുള്ള പതനത്തില്‍ വേഗം പതിന്മടങ്ങ് വര്‍ധിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടുന്നു. കൃത്യമായി എവിടെയാണ് പതിക്കുകയെന്നത് അവസാന ഘട്ടത്തില്‍ മാത്രമേ അറിയാനാവൂ എന്നതിനാല്‍ ലോകത്തെ പല രാഷ്ട്രങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. മഹാസമുദ്രങ്ങളില്‍ എവിടെയെങ്കിലും പതിക്കുമെന്ന ആശ്വാസത്തിലാണെങ്കിലും കഴിഞ്ഞ മെയില്‍ പതിച്ച ഇതേതരം റോക്കറ്റിന്റെ ഭാഗങ്ങള്‍ ഐവറി കോസ്റ്റിലെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടാക്കിയതാണ് ഭീതിക്കു കാരണം. കേരളത്തില്‍ നേരത്തേ ദൃശ്യമായ തീഗോളം ഇത്തരത്തില്‍ ഒരു ബഹിരാകാശ അവശിഷ്ടം കത്തിയമര്‍ന്നതു മൂലമാണെന്നു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു.

    ബഹിരാകാശത്ത് ചെറുതും വലുതുമായ 10 ലക്ഷത്തോളം വസ്തുക്കളുണ്ട്. ഭൂമിയെ ചുറ്റുന്ന 2033 വലിയ റോക്കറ്റ് ഭാഗങ്ങളാണ് ഇപ്പോഴുള്ളത്. ഇതില്‍ ചൈനയുടേത് മാത്രം 169 എണ്ണമുണ്ട്. അതേസമയം, റോക്കറ്റ് വിഷയത്തില്‍ ചൈനയ്‌ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം ഉയരുന്നുണ്ട്. കൊവിഡ് ആദ്യമായി കണ്ടെത്തിയത് ചൈനീസ് നഗരമായ വുഹാനിലായിരുന്നു. ഇപ്പോള്‍ ലോകത്തിന് മറ്റൊരു ദുരത്തിനു കൂടി ചൈന കാരണമാവുമെന്നാണ് വിമര്‍ശനം.

A Used Chinese Rocket Is Tumbling Back to Earth This Weekend

Tags:    

Similar News