പടിയിറങ്ങും മുമ്പ് വീണ്ടും എ വി ജോര്‍ജിന്റെ പ്രതികാര നടപടി; സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്ത പോലിസുകാരന് കാരണം കാണിക്കല്‍ നോട്ടീസ്

Update: 2022-03-28 06:11 GMT

കോഴിക്കോട്: വിരമിക്കുന്നതിന് തൊട്ടുമുമ്പും സിവില്‍ പോലിസ് ഓഫിസര്‍ക്കെതിരേ പ്രതികാരം തീര്‍ത്ത് ഐജി എ വി ജോര്‍ജ്. സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ കോഴിക്കോട് സിറ്റി ഫറോക്ക് പോലിസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ് സിപിഒ യു ഉമേഷ് വള്ളിക്കുന്നിനാണ് കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് വിരമിക്കുന്നതിന് മുമ്പ് എ വി ജോര്‍ജ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമെന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ മെമ്മോ കിട്ടി അഞ്ച് ദിവസത്തിനകം മറുപടി സമര്‍പ്പിക്കണമെന്നാണ് 2022 മാര്‍ച്ച് 25ന് പുറത്തിറക്കിയ നോട്ടീസില്‍ കമ്മീഷണര്‍ വ്യക്തമാക്കുന്നത്.

അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ യാതൊന്നും ബോധിപ്പിക്കാനില്ലെന്ന നിഗമനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ഫറോക്ക് സ്‌റ്റേഷനില്‍ ജോലി ചെയ്തുവരവെ 2022 മാര്‍ച്ച് എട്ടിന് 'സായ' എന്ന പേരിലുള്ള സംഘടനയുടെ നേതൃത്വത്തില്‍ 'പ്രണയപ്പകയിലെ ലിംഗരാഷ്ട്രീയം' എന്ന വിഷയത്തെ അധികരിച്ച് കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച സംവാദത്തില്‍ പോലിസുകാരന്‍ പങ്കെടുത്ത് സംസാരിച്ചുവെന്നാണ് നടപടിക്കുള്ള കാരണമായി നോട്ടീസില്‍ പറയുന്നത്. മേലുദ്യോഗസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുക വഴി സേനയിലെ ഉത്തരവാദപ്പെട്ട പോലിസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ഇത് ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക ലംഘനവും സംസ്ഥാന പോലിസ് മേധാവിയുടെ നിര്‍ദേശങ്ങളുടെ ലംഘനവുമാണെന്ന് നോട്ടീസ് ചൂണ്ടിക്കാട്ടുന്നു.

കേരളാ പോലിസിന്റെ ചരിത്രത്തില്‍ ഒരു പോലിസ് ഉദ്യോഗസ്ഥനും ഇങ്ങനൊരു നോട്ടീസ് ഇറക്കിയിട്ടുണ്ടാവില്ലെന്ന് ഉമേഷ് ഫേസ്ബുക്കില്‍ കുറ്റപ്പെടുത്തി. അവധി ദിവസം ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവരോടൊപ്പം വനിതാദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് ലിംഗസമത്വം സംബന്ധിച്ച സര്‍ക്കാര്‍ നയത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് സംസാരിച്ചതിനാണ് നോട്ടീസ് നല്‍കിയത്. പോലിസുകാര്‍ മതം/ കക്ഷിരാഷ്ട്രീയം/ വര്‍ഗീയം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കരുതെന്ന് ചട്ടമുണ്ട്.

സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കാന്‍ മേലുദ്യോഗസ്ഥരുടെ അനുമതി വാങ്ങണമെന്ന് ആദ്യമായി കേള്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമേഷ് വള്ളിക്കുന്നിനെതിരേ ഇതിന് മുമ്പും എ വി ജോര്‍ജ് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രശസ്ത ഗായികയും മ്യൂസിക് കംപോസറുമായ യുവതിയെ ഫ്‌ലാറ്റെടുത്ത് നല്‍കി താമസിപ്പിച്ച് അസാന്‍മാര്‍ഗിക പ്രവൃത്തിയിലേര്‍പ്പെട്ടെന്ന തരത്തിലുള്ള പരാതിയില്‍ നേരത്തെ ഉമേഷ് വള്ളിക്കുന്നിനെ കമ്മീഷണര്‍ എ വി ജോര്‍ജ് സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍, പോലിസിനെതിരേ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്തുവന്നതോടെ സംഭവം കമ്മീഷണര്‍ക്ക് തന്നെ തിരിച്ചടിയായി.

നേരത്തെ ശബരിമല സമരത്തിന്റെ മറവില്‍ ആര്‍എസ്എസ്സുകാര്‍ കോഴിക്കോട് മിഠായി തെരുവില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വര്‍ഗ്ഗീയ ലഹളക്കൊരുങ്ങി അഴിഞ്ഞാടുകയും ചെയ്ത സംഭവത്തില്‍ പോലിസിന്റെ വീഴ്ചക്കെതിരേ ഉമേഷ് ഫേസ്ബുക്കില്‍ പ്രതികരിച്ചതിന് സസ്‌പെന്‍ഷന് വിധേയമായി. പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിനും താഹാ ഫസലിനും ജാമ്യം അനുവദിച്ച കോടതി ഉത്തരവ് വായിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ ഉമേഷിന് എ വി ജോര്‍ജ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളാ പോലിസിന്റെ ചരിത്രത്തില്‍ ഒരു പോലീസേമാനും ഇങ്ങനൊരൈറ്റം ഇറക്കിയിട്ടുണ്ടാവില്ല. കേരളാ പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയടക്കമുള്ളവര്‍ വാഴ്ത്തിപ്പാടി യാത്രയയക്കുന്ന പോലിസ് കമ്മീഷണര്‍ പോണ പോക്കിന് അടിച്ചുതന്ന വാറോലയാണ്!

അവധിയുള്ള ദിവസം ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവരോടൊപ്പം ഒരു വനിതാദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തതിനാണ്! ജെന്റര്‍ ഈക്വാലിറ്റിയെ സംബന്ധിച്ച സര്‍ക്കാര്‍ നയത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് സംസാരിച്ചതിനാണ്!

പോലിസുകാര്‍ മതം/ കക്ഷിരാഷ്ട്രീയം/ വര്‍ഗീയം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കരുത് എന്ന് ചട്ടമുണ്ട്. സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കാന്‍ മേലുദ്യോഗസ്ഥരുടെ അനുമതി വാങ്ങണമെന്ന് ആദ്യമായി കേള്‍ക്കുകയാണ്!

(*മതംകോഴിക്കോട് അമ്പലപ്പിരിവിന് പോലീസ് ഇന്‍സ്‌പെക്ടര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയത് ഇതേ മേധാവിയാണ്!

*രാഷ്ട്രീയം പോലിസുകാരുടെ സൊസൈറ്റി ഇലക്ഷന് LDF, UDF എന്ന് ലേബലടിച്ച് ഉത്തരവിറക്കിയതും വിവാദമായപ്പോള്‍ പിന്‍വലിച്ചതും ഇതേ മേധാവിയാണ്!

*അനുമതി സ്വര്‍ണക്കടത്ത് വിവാദകാലത്ത് സ്വര്‍ണ്ണക്കച്ചവടക്കാരുടെ പണം വാങ്ങി സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വന്തം പേരില്‍ സിനിമ നിര്‍മിച്ചത് ഇതേ മേധാവിയാണ്!)

സംസ്‌കാരവുമായും പൊതുസമൂഹവുമായും ഒരടുപ്പവുമില്ലാതെ കേവലം പിരിവുകാരും ഉരുട്ടുകാരും അടിമകളും മാത്രമായിരിക്കണം പോലിസുകാര്‍ എന്ന് ഉറച്ചുവിശ്വസിക്കുന്നവരോട് എന്ത് പറയാന്‍! അവരെ പ്രീണിപ്പിക്കാന്‍ എന്തിനും തയ്യാറായി നടക്കുന്നവരോടെന്ത് പറയാന്‍!

അവരെ അരിയിട്ട് വാഴിക്കുന്നവരോടെന്ത് പറയാന്‍ ?

(എന്തായാലും വനിതാദിനം ആഘോഷിച്ചതിന് നടപടി നേരിടേണ്ടിവരുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കും എന്ന് തോന്നുന്നു. ഈ പുരസ്‌കാരത്തിന് എന്നെ അര്‍ഹനാക്കിയ കൂട്ടുകാരികള്‍ക്കും സായ ടീമിനും അന്ന് പ്രോഗ്രാമില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. അടുത്ത വനിതാ ദിനവും മ്മക്ക് പൊളിക്കണം. സംസാരിക്കാന്‍ വിളിച്ചില്ലേലും കേള്‍ക്കാനെങ്കിലും എന്നെ വിളിക്കണേ ഡിയേഴ്‌സ്....

Full View


Tags:    

Similar News