അഞ്ചു പൗരത്വ പ്രക്ഷോഭകരെ വെടിവച്ച് കൊന്ന സംഭവം: ഒരു വര്‍ഷം പിന്നിട്ടിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ യുപി പോലിസ്
കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടും സംഭവത്തില്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും യുപി പോലിസ് തയ്യാറായിട്ടില്ല.
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഉത്തര്‍ പ്രദേശിലെ മീററ്റില്‍ സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കു നേരെ പ്രകോപനമേതുമില്ലാതെ യുപി പോലിസ് നടത്തിയ വെടിവയ്പില്‍ അഞ്ച് മുസ്‌ലിം പുരുഷന്‍മാര്‍ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടും സംഭവത്തില്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും യുപി പോലിസ് തയ്യാറായിട്ടില്ല.
സംഭവത്തില്‍ ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ സഹിതം മരിച്ചവരുടെ ബന്ധുക്കള്‍ സംസ്ഥാനത്തെ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കും മീററ്റ് ജില്ലാ ഭരണകൂടത്തിലെ ഉന്നത അധികാരികള്‍ക്കും നിരന്തരം പരാതി നല്‍കിയിട്ടും അധികൃതര്‍ കുറ്റകരമായ അനാസ്ഥ തുടരുകയാണ്. 2019 ഡിസംബര്‍ 20ന് സമാധാനപരമായി പ്രതിഷേധം നടത്തിയവര്‍ക്കു നേരെ 'കൊലപ്പെടുത്തുക' എന്ന ലക്ഷ്യത്തോടെ പോലിസ് നിറയൊഴിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. കൊല്ലപ്പെട്ട തങ്ങളുടെ ബന്ധുക്കള്‍ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നില്ലെന്നും കാഴ്ച്ചക്കാരായി നോക്കി നിന്നവരായിരുന്നുവെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.
അഞ്ചു മരണങ്ങളുമായി ബന്ധപ്പെട്ട് നാലു എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായി മീററ്റ് പോലിസ് അവകാശപ്പെടുന്നുണ്ടെങ്കിലും ഒന്നില്‍ പോലും കൊല്ലപ്പെട്ടവരുടെ മൊഴികള്‍ രേഖപ്പെടുത്തുകയോ പോലിസ് വെടിവയ്പിനെക്കുറിച്ച് പറയുകയോ ചെയ്യുന്നില്ല.
മാത്രമല്ല, പുരുഷന്‍മാര്‍ കൊല്ലപ്പെട്ടത് പ്രക്ഷോഭകര്‍ പോലിസിന് നേരെ നടത്തിയ വെടിവയ്പിനിടെയാണെന്നാണ് പോലിസിന്റെ അവകാശവാദം.തങ്ങളുടെ മൊഴി പിന്‍വലിക്കുന്നതിന് പോലിസ് നിരന്തരം ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുകയാണെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. സംഭവങ്ങളോട് പ്രതികരിക്കാന്‍ യുപി പോലിസ് തയ്യാറായിട്ടില്ല.
കൊല്ലപ്പെട്ട ധാബ തൊഴിലാളി അലീം അന്‍സാരി, ആക്രിക്കച്ചവടം നടത്തുന്ന മുഹ്‌സിന്‍, കാലിത്തീറ്റ വ്യാപാരി സഹീര്‍, റിക്ഷാ വലിക്കാരന്‍ മുഹമ്മദ് ആസിഫ്, ടയറുകള്‍ അറ്റകുറ്റപ്പണി നടത്തുന്ന ആസിഫ് ഖാന്‍ എന്നിവരാണ് പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഡിസംബര്‍ 20 ന് ഉച്ചകഴിഞ്ഞ് 2നും 6നും ഇടയില്‍ വെടിയേറ്റ് പരിക്കേറ്റ ഇവരെല്ലാം അന്നേ ദിവസം തന്നെ മരിച്ചു. സംഭവം നടന്ന ദിവസം ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയതായും എന്നാല്‍ ഇവ അവഗണിച്ചതായും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
പോലീസിനെതിരെ എഫ്‌ഐആര്‍ ആവശ്യപ്പെട്ട് നാല് പുരുഷന്മാരുടെ കുടുംബങ്ങള്‍ മജിസ്‌ട്രേറ്റ് കോടതികളെ സമീപിച്ചിട്ടുണ്ടെങ്കിലും ചിലരുടെ അവരുടെ അപേക്ഷകള്‍ നിരസിക്കപ്പെട്ടപ്പോള്‍ മറ്റു ചിലത് കോടതികളുടെ പരിഗണനയിലാണ്.
കഴിഞ്ഞ വര്‍ഷം മുഹ്‌സിന്‍, അലീം, മുഹമ്മദ് ആസിഫ്, സഹീര്‍ എന്നിവരുടെ ബന്ധുക്കള്‍ മീററ്റിലെ സീനിയര്‍ പോലിസ് സൂപ്രണ്ട്, മീററ്റിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍, മീററ്റ് ജില്ലാ മജിസ്‌ട്രേറ്റ്, ഉത്തര്‍പ്രദേശ് പോലീസ് ഡയറക്ടര്‍ ജനറല്‍ എന്നിവരെ സമീപിച്ചിരുന്നു. മുഹമ്മദ് ആസിഫിന്റെ പിതാവ് ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ പരാതിയുമായി എത്തിയപ്പോള്‍, ആസിഫ് കൊലപ്പെട്ടത് പ്രക്ഷോഭകരുടെ വെടിയേറ്റാണെന്ന പോലിസിന്റെ മറുപടിയെതുടര്‍ന്ന് പരാതി അവസാനിപ്പിച്ചു.
2019 ഡിസംബര്‍ 20, 21 തിയ്യതികളില്‍ ഏഴു വയസ്സുകാരന്‍ ഉള്‍പ്പെടെ 22 മുസ്‌ലിംകളെയാണ് പൗരത്വ പ്രക്ഷോഭത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ വര്‍ഗീയ പോലിസ് വെടിവച്ച് കൊന്നത്.
പോലിസ് അതിക്രമങ്ങളെക്കുറിച്ചും യുപിയിലെ മരണങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഒരു പൊതുതാല്‍പര്യ ഹര്‍ജി അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. 2020 ഫെബ്രുവരിക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട് ഒരു വാദം കേള്‍ക്കലും നടന്നിട്ടില്ല. കോടതിയുടെ നിര്‍ദേശപ്രകാരം ഫെബ്രുവരിയില്‍ യുപി പോലിസ് സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ 'പോലീസ് നടപടി മൂലം ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടില്ല' എന്നാണ് അവകാശപ്പെട്ടിരുന്നത്.