ആം ആദ്മി കൗണ്‍സിലറെ വെടിവച്ച് കൊന്നു; ആക്രമണം ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ

രാവിലെ ജിമ്മില്‍ വ്യായാമം ചെയ്യുകയായിരുന്ന കൗണ്‍സിലറെ നേര്‍ക്ക് അവിടെയെത്തിയ അക്രമി വെടിവച്ച് കൊല്ലുകയായിരുന്നു.

Update: 2022-08-01 09:07 GMT

ചണ്ഡീഗഡ്: പഞ്ചാബില്‍ ആം ആദ്മി കൗണ്‍സിലറെ വെടിവച്ചു കൊന്നു. മലേര്‍കോട്ട ജില്ലയിലെ കൗണ്‍സിലര്‍ മുഹമ്മദ് അക്ബര്‍ ആണ് കൊല്ലപ്പെട്ടത്. രാവിലെ ജിമ്മില്‍ വ്യായാമം ചെയ്യുകയായിരുന്ന കൗണ്‍സിലറെ നേര്‍ക്ക് അവിടെയെത്തിയ അക്രമി വെടിവച്ച് കൊല്ലുകയായിരുന്നു.

വ്യക്തി വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം തുടരുകയാണെന്നും പോലിസ് അറിയിച്ചു.

കോണ്‍ഗ്രസ് നേതാവും പ്രമുഖ ഗായകനുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന്റെ ആഘാതം മാറും മുമ്പാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ മെയിലായിരുന്നു സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചത്. പഞ്ചാബ് മാന്‍സയിലെ ജവഹര്‍കേയിലെയില്‍ വച്ചായിരുന്നു സംഭവം. എഎപി സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസേവാല വെടിയേറ്റ് മരിച്ചത്. മാനസയില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവേയായിരുന്നു ആക്രമണം.

കാറിന് നേരെ മുപ്പത് റൗണ്ടാണ് ആക്രമികള്‍ വെടിവെച്ചത്. ആശുപത്രിയില്‍ എത്തിക്കും മുന്‍പേ തന്നെ മൂസേവാല മരണത്തിന് കീഴടങ്ങി. ഇരുപത്തിയെട്ടുകാരനായ മൂസേവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടിരുന്നു. പഞ്ചാബില്‍ 424 വിഐപികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു മൂസേവാലയുടെ കൊലപാതകം.

Tags:    

Similar News