ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയെന്ന കേസില്‍ ആം ആദ്മി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു. പത്തു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതേ കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു. സിസോദിയ ഇപ്പോഴും ജയിലിലാണ്. കേസിലെ ഇടനിലക്കാരനായ ദിനേഷ് അറോറ എന്ന വ്യവസായി സഞ്ജയ് സിങുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇദ്ദേഹമാണ് അന്ന് എക്‌സൈസ് മന്ത്രിയായിരുന്ന മനീഷ് സിസോദിയയെ പരിചയപ്പെടുത്തിയതെന്നുമാണ് ഇഡി ആരോപണം. നേരത്തേ സഞ്ജയ് സിങിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി ആരോഗ്യമന്ത്രിയായിരുന്ന സത്യേന്ദര്‍ ജെയിനിനെയും അറസ്റ്റ് ചെയ്തിരുന്നു.
ഇതിനിടെ സഞ്ജയ് സിങിനെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് എതിരാളികളെ അട്ടിമറിക്കാന്‍ തോല്‍വി കാത്തിരിക്കുന്ന ഒരു പാര്‍ട്ടി നടത്തുന്ന തീവ്രശ്രമങ്ങളാണിതെന്ന് കെജ്‌രിവാള്‍ പറഞ്ഞു.