ഉര്‍ദുഗാന്റെ ക്ഷണപ്രകാരം മെഹമൂദ് അബ്ബാസ് തുര്‍ക്കിയിലേക്ക്
പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും പ്രതിപക്ഷ ആക്റ്റീവിസ്റ്റുമായി നിസാര്‍ ബനാത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വെസ്റ്റ് ബാങ്കില്‍ ഫലസ്തീന്‍ അതോറിറ്റിക്കെതിരെയുള്ള ജനകീയ പ്രക്ഷോഭം ശക്തമാവുന്നതിനിടെയാണ് അബ്ബാസ് തുര്‍ക്കി സന്ദര്‍ശിക്കാനൊരുങ്ങുന്നത്.
ആങ്കറ: തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാന്റെ പ്രത്യേക ക്ഷണപ്രകാരം ഫലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബ്ബാസ് തുര്‍ക്കിയിലേക്ക്. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും പ്രതിപക്ഷ ആക്റ്റീവിസ്റ്റുമായി നിസാര്‍ ബനാത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വെസ്റ്റ് ബാങ്കില്‍ ഫലസ്തീന്‍ അതോറിറ്റിക്കെതിരെയുള്ള ജനകീയ പ്രക്ഷോഭം ശക്തമാവുന്നതിനിടെയാണ് അബ്ബാസ് തുര്‍ക്കി സന്ദര്‍ശിക്കാനൊരുങ്ങുന്നത്.
തലസ്ഥാനമായ ആങ്കറയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് വിശദമായ ചര്‍ച്ച നടക്കും. ഫലസ്തീനിലെ നിലവിലെ മാനുഷിക സാഹചര്യങ്ങളും ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിലെ പുതിയ സംഭവവികാസങ്ങളും ചര്‍ച്ചയാവും. അധിനിവേശ വെസ്റ്റ് ബാങ്കിലേയും ജറുസലേമിലേയും ഫലസ്തീനികള്‍ക്കെതിരേയുള്ള ഇസ്രായേല്‍ അതിക്രമങ്ങളിലും ഇരുവരും വിശദമായ ചര്‍ച്ച നടത്തും. സില്‍വാന്‍, ഷെയ്ഖ് ജര്‍റാഹിന്റെ പ്രാന്ത പ്രദേശങ്ങള്‍, അല്‍അഖ്‌സാ പള്ളി എന്നിവിടങ്ങളില്‍ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്ന ഇസ്രായേല്‍ നടപടികളും കൂടിക്കാഴ്ചയില്‍ ഇടംപിടിക്കും.
700 ബില്യണ്‍ ഡോളറിന്റെ വാതക ശേഖരം കണ്ടെത്തിയിട്ടുള്ള കിഴക്കന്‍ മെഡിറ്ററേനിയനില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കാന്‍ ഇരു രാഷ്ട്രങ്ങളും ആഗ്രഹിക്കുന്നുണ്ട്.