മലയാളിയുടെ നന്‍മ വീണ്ടും; റഹീമിനെ കൊലക്കയറില്‍നിന്ന് രക്ഷിക്കാന്‍ സ്വരൂപിച്ചത് 34 കോടി
കോഴിക്കോട്: ഇതാ മറ്റൊരു റിയല്‍ കേരളാ സ്റ്റോറി. സൗദി ജയിലില്‍ കഴിയുന്ന അബ്ദുര്‍റഹീമിനെ കൊലക്കയറില്‍ നിന്ന് രക്ഷിക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ സ്വരൂപിച്ചത് 34 കോടി രൂപയാണ്. ബോബി ചെമ്മണ്ണൂര്‍ തുടങ്ങിവച്ച സംരംഭം ദിവസങ്ങള്‍ക്കുള്ളില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഏറ്റെടുത്തതോടെ, നിശ്ചയിച്ചതിലും മൂന്നുദിവസം മുമ്പേ നമ്മള്‍ ലക്ഷ്യം കണ്ടിരിക്കുന്നു. പ്രത്യേക ആപ്പ് വഴിയും അല്ലാതെയുമാണ് പണം സ്വരൂപിച്ചത്. ആപ്പ് വഴിയുള്ള ധന സമാഹരണം 30 കോടി കവിഞ്ഞതോടെ മറ്റു പണം കൂടി ക്രോഡീകരിക്കുന്നതിന്റെ ഭാഗമായി ആപ്പിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. ഫണ്ട് കലക്ഷന്റെ സുതാര്യത കൂടി ഉറപ്പു വരുത്തുകയെന്ന ലക്ഷ്യച്ചോടെ ഓഡിറ്റിങിനു വേണ്ടി കൂടിയായിരുന്നു പ്രത്യേക ആപിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്.
ക്രൗഡ് ഫണ്ടിങ്ങിലൂടെ പിരിച്ചെടുത്ത പണം സൗദിയിലേക്ക് എത്തിക്കേണ്ടതുണ്ട്. ഇതിനായി ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി തേടാനുള്ള ശ്രമവും ഊര്‍ജിതമാക്കിയിട്ടുണ്ട്. 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച തുക ഇന്ത്യന്‍ എംബസി വഴി സൗദി കുടുംബത്തിന് നല്‍കും. കേസില്‍ കഴിഞ്ഞ 18 വര്‍ഷമായി റിയാദ് ജയിലില്‍ കഴിയുകയാണ് കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം. 2006 നവംബറില്‍ 26ാം വയസ്സിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദിലെത്തിയത്. സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുര്‍റഹ്‌മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷിയില്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജിഎംസി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരണപ്പെട്ടത്. സംഭവത്തിൽ റഹീം വധ ശിക്ഷയും കാത്ത് അല്‍ഹായിര്‍ ജയിലില്‍ തുടരുകയായിരുന്നു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവച്ചു. ഫായിസിന്റെ കുടുംബവുമായി നിരവധി തവണ ഉന്നതതലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്‍കാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് 34 കോടി രൂപ ദയാധനമെന്ന ഉപാധിയില്‍ ഫായിസിന്റെ കുടുംബം സമ്മതം അറിയിച്ചത്. തുടര്‍ന്നാണ് ധനസമാഹരണത്തിന് വേണ്ടി മലയാളികള്‍ കൈകോര്‍ത്തത്. ഇതോടെ, ലോകത്തിന്റെ പലഭാഗത്തുനിന്നും മലയാളികളും അല്ലാത്തവരും പണം നല്‍കി. ബിരിയാണി ചാലഞ്ച് നടത്തിയും തെരുവിലൂടെ ബക്കറ്റ് പിരിവ് നടത്തിയും മലയാളി തന്റെ ദൗത്യം പൂര്‍ത്തിയാക്കുകയായിരുന്നു.