തമിഴ് സിനിമ ബ്ലഡ് മണിയുടെ കഥാകൃത്ത് പാണക്കാട്ടെത്തി; തമിഴ് ജനതയുടെ ആദരവും നന്ദിയും അറിയിച്ചു

കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന രണ്ട് തമിഴരുടെ കഥയാണ് ബ്ലഡ് മണിയില്‍ പറയുന്നത്.

Update: 2021-12-28 12:03 GMT

മലപ്പുറം: കുവൈത്ത് ജയിലില്‍ വധശിക്ഷ കാത്ത് കിടന്ന തമിഴ്‌നാട് സ്വദേശി അത്തിമുത്തുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടല്‍ പശ്ചാത്തലമാകുന്ന തമിഴ് സിനിമ ബ്ലഡ് മണിയുടെ കഥാകൃത്ത് നബീല്‍ അഹമ്മദ് പാണക്കാട്ടെത്തി തമിഴ് ജനതയുടെ ആദരവും നന്ദിയും അറിയിച്ചു.

ബ്ലഡ് മണി എന്ന തമിഴ് ചിത്രം മുനവ്വറലി ശിഹാബ് തങ്ങളെയും പാണക്കാട് കുടുംബത്തെയും പരിചയപ്പെടുത്തുകയും അവരുടെ സേവനങ്ങളെ വാഴ്ത്തുകയും ചെയ്യുന്നുണ്ട്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെയും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളെയും സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട്.

കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന രണ്ട് തമിഴരുടെ കഥയാണ് ബ്ലഡ് മണിയില്‍ പറയുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന കാളിയപ്പന്‍ എന്നയാളെ രക്ഷിക്കാന്‍ വേണ്ടി ഒരു മാധ്യമപ്രവര്‍ത്തക നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പെരിന്തല്‍മണ്ണ സ്വദേശി കൊല്ലപ്പെട്ട കേസില്‍ കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അര്‍ജുനന്‍ അത്തിമുത്തുവിനെ രക്ഷിക്കാനായി ഭാര്യ മാലതിയാണ് മുനവ്വറലി ശിഹാബ് തങ്ങളെ സമീപിച്ചത്.

2017ലാണ് സംഭവം. തുടര്‍ന്ന് അദ്ദേഹത്തിന്റെ മുന്‍ കൈയില്‍ സമാഹരിച്ച 25 ലക്ഷം രൂപയും മാലതിയുടെ അഞ്ച് ലക്ഷം രൂപയും കൊല്ലപ്പെട്ടയാളുടെ വീട്ടിലെത്തി മുനവ്വറലി തങ്ങള്‍ കൈമാറി. അത്തിമുത്തുവിന് മാപ്പ് നല്‍കിയെന്ന രേഖയും കുടുംബം നല്‍കി. ഈ സംഭവമാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Tags:    

Similar News