അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടില്ല; വിശദീകരണവുമായി കേരളാ പോലിസ്

Update: 2023-04-20 05:43 GMT

തിരുവനന്തപുരം: യുപിഐ ഇടപാടുകള്‍ നടത്തിയ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലിസ്. ഇതുസംബന്ധിച്ച് നിരവധി പേര്‍ പരാതികളുമായി വന്നതോടെയാണ് കേരളാ പോലിസിന്റെ വിശദീകരണം. അരിപ്പത്തിരി കച്ചവടക്കാരന്‍ മുതല്‍ മദ്‌റസാ അധ്യാപകന്‍ വരെയുള്ളവരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മുഖ്യമായും ഫെഡറല്‍ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചിരുന്നത്. ഗുജറാത്ത് പോലിസിന്റെ നിര്‍ദേശം എന്നുപറഞ്ഞാണ് പലപ്പോഴും അക്കൗണ്ടുകള്‍ ഉടമകള്‍ അറിയാതെ മരവിപ്പിച്ചിരുന്നത്. എന്നാല്‍, കേരളാ പോലിസ് വിഷയത്തില്‍ നടപടിക്കു നിര്‍ദേശം നല്‍കിയിരുന്നില്ലെന്നാണ് ഇപ്പോള്‍ വിശദീകരിക്കുന്നത്.

    അക്കൗണ്ടുകള്‍ മരവിപ്പിക്കാറില്ല. സംശയമുള്ള ഇടപാടുകള്‍ മാത്രമേ മരിപ്പിക്കാറുള്ളൂവെന്നും പോലിസ് പറഞ്ഞു. സൈബര്‍ തട്ടിപ്പിന് ഇരയായ വ്യക്തി, പരാതി പരിഹാര സംവിധാനമായ ദേശീയ സൈബര്‍ െ്രെകം പോര്‍ട്ടലിലും കാള്‍ സെന്റര്‍ നമ്പറായ 1930ലും രജിസ്റ്റര്‍ ചെയ്യുന്ന പരാതിയിന്മേല്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായി, പരാതിയുള്ള അക്കൗണ്ടിലെ കൈമാറ്റം നടന്നതായി സംശയമുള്ള തുക മാത്രം മരവിപ്പിക്കാനാണ് ബാങ്കുകള്‍ക്ക് സാധാരണയായി പോലിസ് നിര്‍ദേശം നല്‍കാറുള്ളത്. തുക കൈമാറ്റം നടന്നതായി പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള അക്കൗണ്ട് നമ്പരില്‍ നിന്നും നഷ്ടപ്പെട്ട തുക തിരികെ പിടിക്കുന്നതിനാണ് ഇപ്രകാരം ചെയ്യുന്നത്. അക്കൗണ്ട് പൂര്‍ണമായി മരവിപ്പിക്കാന്‍ കേരള പോലിസ് നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍ തട്ടിപ്പ് നടത്താനായി സ്ഥിരം ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കാറുണ്ട്. അക്കൗണ്ടുകള്‍ മരവിപ്പിച്ചത് സംബന്ധിച്ച പരാതിയുണ്ടെങ്കില്‍ 1930 എന്ന നമ്പറില്‍ അറിയിക്കാം. ദേശീയ പോര്‍ട്ടലിലെ പരാതിയിന്‍മേല്‍ ചില സംസ്ഥാനങ്ങള്‍ അക്കൗണ്ടുകളിന്‍മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബാങ്കുകളോട് നിര്‍ദേശം നല്‍കിയതായി റിപോര്‍ട്ടുകളുണ്ടെന്നും കേരള പോലിസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

Tags:    

Similar News