കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത സിപിഐ പ്രദേശിക നേതാവിനെതിരേ നടപടി
ഉദ്യോഗസ്ഥര്‍ കെ റെയില്‍ സർവേക്കെത്തുമെന്നറിഞ്ഞ് പ്രതിഷേധിക്കാൻ ഒത്തുകൂടിയ കോൺഗ്രസ് പ്രവർത്തകരടക്കമുള്ള നാട്ടുകാർക്കൊപ്പമായിരുന്നു കെ സി തങ്കച്ചനുണ്ടായിരുന്നത്.
എറണാകുളം: പിറവത്ത് കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത സിപിഐ പ്രദേശിക നേതാവിനെതിരേ നടപടിയുമായി പാര്‍ട്ടി നേത്യത്വം. സിപിഐ ലോക്കൽ സെക്രട്ടറിയായിരുന്ന കെ സി തങ്കച്ചനെതിരേയാണ് നടപടി. പിറവം മണ്ഡലം കമ്മിറ്റി ചേര്‍ന്ന് ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് തങ്കച്ചനെ മാറ്റി.
പിറവം പാഴൂർ ഗവ. എൽപി സ്കൂളിനു സമീപം വ്യാഴാഴ്ച രാവിലെയായിരുന്നു പ്രതിഷേധം. ഉദ്യോഗസ്ഥര്‍ കെ റെയില്‍ സർവേക്കെത്തുമെന്നറിഞ്ഞ് പ്രതിഷേധിക്കാൻ ഒത്തുകൂടിയ കോൺഗ്രസ് പ്രവർത്തകരടക്കമുള്ള നാട്ടുകാർക്കൊപ്പമായിരുന്നു കെ സി തങ്കച്ചനുണ്ടായിരുന്നത്.
നിർദിഷ്ട സിൽവർലൈൻ കടന്നുപോകുന്നത് തങ്കച്ചന്റെ വീടിരിക്കുന്ന ഭാഗത്തുകൂടിയാണ്. ഈ സാഹചര്യത്തിലാണ് തങ്കച്ചന്‍ ജനകീയ പ്രതിഷേധത്തില്‍ പങ്കാളിയായത്. ഇതിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ സിപിഐ ജില്ലാ നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു. തനിക്ക് തെറ്റുപറ്റിയെന്നാണ് കെ സി തങ്കച്ചന്‍ നല്‍കിയ വിശദീകരണം. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ന് മണ്ഡലം കമ്മിറ്റി ചേര്‍ന്നത്.
അതേസമയം, എറണാകുളത്ത് ജനകീയ പ്രതിഷേധത്തെ തുടർന്ന് കെ റെയില്‍ സർവെ താത്കാലികമായി നിർത്തി. തിരുവാങ്കുളം മാമലയിൽ കഴിഞ്ഞ ദിവസം സ്ഥാപിച്ച സർവേ കല്ലുകള്‍ പ്രതിഷേധക്കാർ പിഴുതെടുത്ത് തോട്ടിലെറിഞ്ഞു. ഇന്ന് സർവേയില്ലെന്ന് പോലിസ് പറഞ്ഞതോടെയാണ് പ്രതിഷേധക്കാർ നീങ്ങിയത്. ജില്ലയില്‍ അടുത്ത ദിവസങ്ങളിലും പ്രതിഷേധം കടുക്കും. ഇന്ന് ഉപഗ്രഹ സർവെ മാത്രമാണ് നടന്നത്.