വര്‍ഗീയ വിഷം ചീറ്റുന്ന പി സി ജോര്‍ജിനെതിരേ നടപടി വൈകരുത്: ഐഎന്‍എല്‍

Update: 2022-04-30 14:22 GMT

കോഴിക്കോട്: സാമുദായിക സ്പര്‍ധ വളര്‍ത്തുന്നതിനും സംസ്ഥാനത്ത് ഇസ്‌ലാമോഫോബിയ പരത്തുന്നതിനും പരസ്യമായി മുസ്‌ലിം വിരുദ്ധ അധിക്ഷേപങ്ങള്‍ നടത്തുന്ന മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരേ കര്‍ക്കശമായ നിയമനടപടി ഉടന്‍ സ്വീകരിക്കണമെന്ന് ഐഎന്‍എല്‍.

കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനും അതുവഴി സംഘ്പരിവാറിന് നിലമൊരുക്കാനുമുള്ള ക്വട്ടേഷന്‍ ഏറ്റെടുത്ത മട്ടിലാണ് തിരുവനന്തപുരത്ത് ഹിന്ദുമഹാസഭയുടെ പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജോര്‍ജ് വിഷലിപ്തമായ പ്രസംഗം നടത്തിയത്. മുസ്‌ലിം സമൂഹത്തെ ഒന്നാകെ ഇകഴ്ത്തിക്കാട്ടുന്നതിനും അന്യമതസ്തരുടെ മനസ്സില്‍ അവര്‍ക്കെതിരേ വെറുപ്പും വിദ്വേഷവും കുത്തിവെക്കുന്നതിനും ഇതുവരെ ആരും കേള്‍ക്കാത്ത വങ്കത്തങ്ങളാണ് അദ്ദേഹം വിളമ്പിയത്. വിദ്വേഷ പ്രചാരണം എല്ലാ പരിധിയും കടന്നപ്പോള്‍ ഇന്ത്യയുടെ അനൗപചാരിക അംബസഡറായി വിശേഷിപ്പിക്കപ്പെടാറുള്ള, ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മാതൃകയായ ബിസിനസ് പ്രമുഖന്‍ എം എ യൂസുഫലിയുടെമേല്‍ പോലും കുതിര കയറാന്‍ ജോര്‍ജ് ബുദ്ധിശൂന്യത കാട്ടുകയുണ്ടായി. ഇതിനു മുമ്പും പലവട്ടം വര്‍ഗീയ പ്രചാരണം നടത്തി സാമൂഹികാന്തരീക്ഷം കലുഷിതമാക്കിയപ്പോഴാണ് ജനം അദ്ദേഹത്തിനെതിരെ വോട്ട് ചെയ്ത് മൂലക്കിരുത്തിയത്. കോണ്‍ഗ്രസും മുസ്‌ലിം ലീഗുമാണ് ഈ അവിവേകിയെ ചീഫ് വിപ്പായി നിയമിച്ച് രാഷ്ട്രീയ കേരളത്തിന്മേല്‍ അടിച്ചേല്‍പിച്ചത്. ഈ മനുഷ്യന്റെ വായില്‍നിന്ന് നിര്‍ഗളിക്കുന്ന ആഭാസങ്ങളും വിഡ്ഡിത്തങ്ങളും ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും ഡിജിപിക്ക് അയച്ച പരാതിയില്‍ ഐഎന്‍എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News